പി കെ ശശി എംഎല്‍എക്കെതിരേ വനിതാ നേതാവിന്റെ പീഡന പരാതി

പാലക്കാട്/തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് ലൈംഗികപീഡന പരാതി നല്‍കി. പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരേ അതിക്രമത്തിനു ശ്രമിച്ചെന്നാണ് പരാതി. പീഡന പരാതി ഒതുക്കാന്‍ തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎല്‍എ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. എംഎല്‍എക്കെതിരേ ആഗസ്ത് 14ന് യുവതി വൃന്ദാ കാരാട്ടിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി ഇ-മെയിലായി അയച്ചു. ഇതേത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കു കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. തനിക്കു പരാതി ലഭിച്ച കാര്യം വൃന്ദാ കാരാട്ട് അവയ്‌ലബിള്‍ പോളിറ്റ്ബ്യൂറോയില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പി കെ ശശിക്കു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. സമിതിയില്‍ ഒരു വനിതാ അംഗത്തെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇന്നു ചേരുന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. അതേസമയം, ശശിക്കെതിരേ പരാതിയില്ലെന്നാണു സിപിഎം പാലക്കാട് ജില്ലാ ഘടകത്തിന്റെ നിലപാട്. എന്നാല്‍, എംഎല്‍എക്കെതിരേ സിപിഎം നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം തുടങ്ങിയതായും പാര്‍ട്ടിയുടേതായ രീതിയില്‍ പ്രശ്‌നം പരിഹരിക്കുമെന്നും യുവതിയുടെ പരാതി മൂന്നാഴ്ച മുമ്പുതന്നെ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടപടി തുടങ്ങിയിട്ടുണ്ട്. തെറ്റുകാരെ സംരക്ഷിക്കില്ല. എന്നാല്‍, പോലിസിനെ അറിയിക്കേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.RELATED STORIES

Share it
Top