പി കെ ശശിക്ക് എതിരായ സിപിഎം നടപടി വൈകും

തിരുവനന്തപുരം: എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡനാരോപണ പരാതിയില്‍ പാര്‍ട്ടി നടപടി വൈകും. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയും വിഷയം പരിഗണിച്ചില്ല. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ട് പൂര്‍ത്തിയായിട്ടില്ലെന്നും ആരോപണവുമായി ബന്ധപ്പെട്ട് ഇനിയും പലരുടെയും മൊഴിയെടുക്കാനുണ്ടെന്നുമാണ് വിശദീകരണം. ഒരുമാസം മുമ്പു ലഭിച്ച പരാതിയിന്‍മേല്‍ പാര്‍ട്ടി കമ്മീഷന്‍ ആരോപണവിധേയരുടെയും ഇരയുടെയും വിശദമായ മൊഴി രേഖപ്പെടുത്തുകയുണ്ടായി. റിപോര്‍ട്ട് ഈ മാസം ആദ്യം ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ സമര്‍പ്പിക്കുമെന്നു കമ്മീഷനംഗമായ പി കെ ശ്രീമതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിനുശേഷം നടന്ന രണ്ടു സെക്രേട്ടറിയറ്റ് യോഗങ്ങളും റിപോര്‍ട്ട് പരിഗണിച്ചില്ല. ശശിക്കെതിരേ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച അനിശ്ചിതത്വമാണ് റിപോര്‍ട്ട് പരിഗണിക്കാന്‍ വൈകുന്നത്. ഇതോടെ, ശശിക്കെതിരായ നടപടി വൈകുമെന്നുറപ്പായി. അതേസമയം, ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കെതിരേ നടക്കുന്ന നീക്കങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രചാരണ പരിപാടികള്‍ക്ക് സംസ്ഥാന കമ്മിറ്റി രൂപം നല്‍കി.

RELATED STORIES

Share it
Top