പി കെ ശശിക്കെതിരേ കടുത്ത നടപടിയുണ്ടായേക്കില്ല

തിരുവനന്തപുരം: പി കെ ശശി എംഎല്‍എ ലൈംഗികാതിക്രമം നടത്തിയെന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടി കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ടിന്‍മേല്‍ ഇന്നുചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനമെടുക്കും. ശശിക്കെതിരേ കടുത്ത നടപടിക്ക് സാധ്യതയില്ലെന്നാണ് സൂചന.
യുവതിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് മന്ത്രി എ കെ ബാലനും പി കെ ശ്രീമതിയും അടങ്ങുന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിക്കെതിരേ അച്ചടക്കനടപടി എടുക്കാന്‍ സംസ്ഥാന സെക്രേട്ടറിയറ്റ് നാളെ ചേരുന്ന സംസ്ഥാനസമിതിക്ക് നിര്‍ദേശം നല്‍കും. ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നുതന്നെയാണ് കമ്മീഷന്റെ കണ്ടെത്തല്‍.
എന്നാലിത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നും റിപോര്‍ട്ടിലുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ കര്‍ശന നടപടിക്കാവും സെക്രേട്ടറിയറ്റ് നിര്‍ദേശിക്കുക.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പി കെ ശശിയെ നീക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം. എന്നാല്‍ എംഎല്‍എ പദവി രാജിവയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കിയുള്ള നടപടിയാവും എടുക്കുക. നിലവില്‍ പാലക്കാട് ജില്ലാ സെക്രേട്ടറിയറ്റംഗമാണ് ശശി. അദ്ദേഹത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണു സാധ്യത. അതേസമയം ശശി വിഷയത്തില്‍ ആരോപണവിധേയരായ ഡിവൈഎഫ്‌ഐയുടെ ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടായേക്കും.

RELATED STORIES

Share it
Top