പി കെ കുഞ്ഞനന്തനെ ജയില്‍മോചിതനാക്കാന്‍ നീക്കം

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പി കെ കുഞ്ഞനന്തനെ ജയില്‍മോചിതനാക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തില്‍. 70 വയസ്സ് തികഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും അനുഭവിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ശിക്ഷയിളവ് അനുവദിക്കാനാണു നീക്കം. എന്നാല്‍, എഫ്‌ഐആര്‍ ഉള്‍പ്പെടെയുള്ള കോടതി രേഖകളില്‍ കുഞ്ഞനന്തന് 68 വയസ്സാണ് പ്രായം. ശിക്ഷിക്കപ്പെട്ട് നാലുവര്‍ഷം തികയുന്നതിനു മുമ്പാണ് ജയില്‍വകുപ്പിന്റെ വിചിത്രമായ നടപടി.
ടിപി കേസിലെ 13ാം പ്രതിയും സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവുമാണ് കുഞ്ഞനന്തന്‍. വധഗൂഢാലോചനയില്‍ പങ്കാളിയായ ഇയാളെ 2014ലാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ശിക്ഷയിളവ് നല്‍കണമെങ്കില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ചട്ടം. തുടര്‍നടപടികള്‍ക്കായി ജയില്‍വകുപ്പ് ജയില്‍ ഉപദേശക സമിതിക്ക് ശുപാര്‍ശ നല്‍കാം. ഇതിന്റെ ഭാഗമായി കൊളവല്ലൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ ടിപിയുടെ ഭാര്യ കെ കെ രമയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു.
ജില്ലാ പോലിസ് മേധാവി ഇതുസംബന്ധിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കും. സിപിഎം നേതൃത്വത്തിന്റെ വിശ്വസ്തനാണ് പി കെ കുഞ്ഞനന്തന്‍. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴും ഇദ്ദേഹത്തെ പാര്‍ട്ടി കൈവിട്ടിരുന്നില്ല. പാനൂര്‍ ഏരിയാ കമ്മിറ്റിയില്‍ കുഞ്ഞനന്തന്‍ തുടരുന്നത് നേതൃത്വവുമായുള്ള ഈ അടുപ്പംകൊണ്ടാണ്. നേരത്തെ ടിപി കേസിലെ പ്രതികള്‍ക്ക് വഴിവിട്ട പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ച് പി കെ കുഞ്ഞനന്തന്‍ സിപിഎം കുന്നോത്തുപറമ്പ് ലോക്കല്‍ സമ്മേളനത്തി ല്‍ പങ്കെടുക്കുകയും ചെയ്തു.
വീട്ടിലെ അടിയന്തര സാഹചര്യങ്ങള്‍ക്ക് ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശപ്രകാരം വര്‍ഷത്തില്‍ പരമാവധി 60 ദിവസം വരെ പരോള്‍ അനുവദിക്കാമെന്നാണ് ചട്ടം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒമ്പത് മാസത്തിനിടെ 211 ദിവസവും കുഞ്ഞനന്തന്‍ പരോളിലായിരുന്നു. എന്നാലിപ്പോള്‍ പ്രായാധിക്യമുള്ളയാളെന്ന ആനുകൂല്യത്തിന്റെ മറവിലാണ് കുഞ്ഞനന്തനെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

RELATED STORIES

Share it
Top