പിഴ അടയ്ക്കാതിരിക്കല്‍; ജയില്‍ശിക്ഷ ഒന്നിച്ച് അനുഭവിക്കാനാവില്ലെന്ന് സുപ്രിം

കോടതിന്യൂഡല്‍ഹി: പിഴശിക്ഷ വിധിച്ച കേസുകളില്‍ അവ അടയ്ക്കാത്തതിന് ലഭിക്കുന്ന ജയില്‍ശിക്ഷ ഒന്നിച്ച് അനുഭവിക്കാനാവില്ലെന്ന് സുപ്രിംകോടതി. ഇത് ശിക്ഷയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ യു യു ലളിത്, എ എം സപ്രെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
രണ്ടോ അതിലധികമോ കുറ്റകൃത്യങ്ങള്‍ക്ക്് ലഭിച്ച പിഴശിക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പിഴശിക്ഷയൊടുക്കാത്തതിന് ലഭിക്കുന്ന ജയില്‍ശിക്ഷ ഒരേ കാലയളവില്‍ അനുഭവിക്കാനാവില്ലെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. മഹാരാഷ്ട്ര സ്വദേശിയായ ശരദ്ഹിറു കൊളംബെ എന്നയാള്‍ക്കെതിരേ മൊകോക പ്രകാരമെടുത്ത കേസിലാണ് കോടതിയുടെ വിധി.
മൊകോക ഉള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിച്ച ശരദിന് 14 വര്‍ഷം ജയിലും വിവിധ കേസുകളിലായി 15 ലക്ഷം രൂപയിലധികം പിഴ ശിക്ഷയും വിധിച്ച കേസിലാണ് സുപ്രിംകോടതി കഴിഞ്ഞദിവസം വിധിപറഞ്ഞത്. 15 ലക്ഷം രൂപ പിഴയൊടുക്കുന്നില്ലെങ്കില്‍ 10 വര്‍ഷം അധികം ജയില്‍ശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്. എന്നാല്‍, താന്‍ ഇതിനകം 14 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. 15 ലക്ഷം രൂപ പിഴയൊടുക്കാനാവില്ലെന്നും പിഴയൊടുക്കുന്നതിന് പകരമുള്ള 10 വര്‍ഷത്തെ ജയില്‍ ശിക്ഷ, 14 വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി.
ഇതോടെ ഇദ്ദേഹം 10 വര്‍ഷം കൂടി അധികം ജയില്‍ശിക്ഷ അനുഭവിക്കുകയോ കോടതി വിധിച്ച പിഴയൊടുക്കുകയോ ചെയ്യേണ്ടിവരും.

RELATED STORIES

Share it
Top