പിഴയീടാക്കുന്ന രണ്ടരേക്കാടി ട്രാഫിക്കിന് ഉപയോഗിക്കുന്നില്ല

ഇടുക്കി: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ജില്ലയുടെ വിവിധ പട്ടണങ്ങളില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കുകള്‍ അഴിക്കാന്‍ നടപടി സ്വീകരിക്കാതെ ജില്ലാ ഭരണകൂടം. ജില്ലയില്‍ ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് ഓരോവര്‍ഷവും രണ്ടരക്കോടിയില്‍ അധികം രൂപയാണ് പിഴയായി പിരിച്ചെടുക്കുന്നത്. ഈ പണമത്രയും ട്രാഫിക് പോലിസുകാര്‍ ട്രഷറിയില്‍ അടയ്ക്കുകയും തുക ജില്ലാ ഭരണകൂടത്തിന്റെ കൈയില്‍ എത്തുകയുമാണ് ചെയ്യുന്നത്.
തുകയുടെ പകുതിയെങ്കിലും ഓരോവര്‍ഷവും ട്രാഫിക്ക് പരിഷ്‌ക്കാരത്തിനായി ഉപയോഗിക്കുകയാണെങ്കില്‍ തന്നെ ഏറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍, ജനങ്ങളില്‍ നിന്നു പിഴിയുന്ന പണം എന്തുചെയ്യുന്നുവെന്ന് ഭരണകൂടത്തിനു മൂത്രമേ അറിയൂ. ജില്ലയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പട്ടണമാണ് തൊടുപുഴ. അതോടൊപ്പം നഗരത്തിലെ ഗതാഗത സംവിധാനങ്ങളും പാര്‍ക്കിങ്ങുമെല്ലാം വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്.
എന്നാല്‍, നഗരസഭയോ ശ്രദ്ധകൊടുക്കേണ്ട പട്ടണം എന്ന പരിഗണനയില്‍ ജില്ലാ ഭരണകൂടമോ തൊടുപുഴയിലെ ട്രാഫിക്ക് ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാന്‍ ശ്രമിക്കുന്നില്ല. ട്രാഫിക് പോലിസ് എന്ന പ്രത്യേക വിഭാഗം ഉണ്ടെങ്കില്‍ അതിലേക്കായി പ്രത്യേക ഫണ്ട് സര്‍ക്കാരോ ജില്ലാ ഭരണകൂടമോ പ്രാദേശിക ബോഡികളോ വകയിരുത്താറില്ല. തൊടുപുഴ നഗരത്തിലാണെങ്കില്‍ പാര്‍ക്കിങ് വലിയൊരു പ്രശ്‌നമായിരിക്കുകയാണ്. പാര്‍ക്കിങ്ങിന് സംവിധാനം ഒരുക്കേണ്ടത് മുനിസിപ്പാലിറ്റിയാണെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കേണ്ടത് പോലിസിന്റെ ഡ്യൂട്ടിയാണെന്നുമാണ് അധികൃതരുടെ നിലപാട്. അതിനാല്‍, നഗരത്തില്‍ വാഹനങ്ങളുമായി എത്തുന്നവര്‍ പലപ്പോഴും പിഴയൊടുക്കി പാര്‍ക്ക് ചെയ്യേണ്ട ഗതികേടിലാണ്. ആവശ്യമായ ബാരിക്കേഡുകള്‍ സ്ഥാപിക്കാനുള്ള തുക പോലും ട്രാഫിക്ക് പോലിസിന്റെ കൈവശമില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റുമാണ് പലപ്പോഴും തുക കണ്ടെത്തുന്നത്. അങ്ങിനെ സ്ഥാപിക്കുന്ന ബാരിക്കേഡുകളും ബോര്‍ഡുകളുമെല്ലാം സാമൂഹികവിരുദ്ധര്‍ എടുത്തുകൊണ്ടുപോവുകയും ചെയ്യും.
ഇതോടെ, ട്രാഫിക് സംവിധാനം വീണ്ടും താറുമാറാവുന്നു. തൊടുപുഴ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളാണ് പിഡബ്ല്യൂഡി റസ്റ്റ് ഹൗസ്, പ്രസ്‌ക്ലബ്ബ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഭാഗവും ഇടുക്കി റോഡിലെ കെ പി വര്‍ക്കി ജ്വല്ലറിയുടെ ഭാഗവും. ഇവിടെപ്പോലും ബാരിക്കേഡുകള്‍ പോലുള്ള ആവശ്യമായ ട്രാഫിക് നിയന്ത്രണ സംവിധാനം ഒരുക്കാന്‍ പോലിസിനായിട്ടില്ല. ഫുട്പാത്തുകള്‍ കൈയേറിയുള്ള പാര്‍ക്കിങ്ങും തട്ടുകടകളുടെ വാഹനങ്ങള്‍ സൂക്ഷിക്കുന്നതുമെല്ലാം പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പിഴയീടാക്കി പണമുണ്ടാക്കാം എന്നതിലുപരി നടപടികള്‍ സ്വീകരിക്കുമ്പോഴും ഗതാഗതക്കുരുക്ക് ഒഴിവാകുന്നില്ല എന്നതാണ് ജില്ലയിലെ പ്രധാന പട്ടണങ്ങളിലെ സ്ഥിതി.
കട്ടപ്പന, വണ്ടിപ്പെരിയാര്‍, കുമളി, അടിമാലി, മൂന്നാര്‍ പോലുള്ള പ്രധാന ടൗണുകളില്‍ പിരിച്ചെടുക്കുന്ന പണത്തിന്റെ കുറച്ചുഭാഗം ട്രാഫിക്കിങ്ങിനായി ഉപയോഗിച്ചാല്‍ ഏറെ ഗുണകരമാവും. എന്നാല്‍, ജില്ലാ ഭരണകൂടം ഇതിനോട് അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കാത്തതു വിനയാവുകയാണ്.

RELATED STORIES

Share it
Top