പിറവന്തൂര്‍മലയോര വാര്‍ഡുകളില്‍ ഇത്തവണയും കുടിവെളളമില്ലപത്തനാപുരം: ജില്ലയുടെ കിഴക്കന്‍ മലയോരത്തെ പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മലയോര വാര്‍ഡുകളില്‍ ഇത്തവണയും കുടിവെളളമില്ല. ആയിരകണക്കിന് കുടുംബങ്ങള്‍ ദുരിതത്തില്‍. പഞ്ചായത്തിലെ മൈക്കാമൈന്‍, ചെമ്പനരുവി, പെരുംന്തോയില്‍ വാര്‍ഡുകളാണ് കുടിവെളളമില്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. പിറവന്തൂര്‍ പത്തനാപുരം പഞ്ചായത്തുകളിലേക്ക്  ശുദ്ധജലം എത്തിക്കുവാന്‍ ആരംഭിച്ച പദ്ധതിയാണ് കുരിയോട്മല കുടിവെള്ള പദ്ധതി .പദ്ധതിയുടെ ഭാഗമായി ഇരുപഞ്ചായത്തുകളിലെ ജലക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കുരിയോട്ടുമല പ്ലാന്റില്‍ നിന്നും പമ്പ് ചെയ്യുന്നജലം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്തുന്നില്ല. പമ്പിങ്ങിന്റെ കപ്പാസിറ്റി കുറവാണ് പ്രധാന കാരണം. തുടര്‍ന്ന് ജലവിതരണം സാധ്യമാവണമെങ്കില്‍ ചെറുകിട പദ്ധതികള്‍ ആരംഭിക്കണം. ഇതിനാവശ്യമായ അപേക്ഷകള്‍ പഞ്ചായത്ത് കലക്ടര്‍ക്ക് നല്‍കിയിരുന്നു. കടശ്ശേരി, പെരുംന്തോയില്‍ തുടങ്ങിയ മേഖലകളില്‍ കനത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് തലചുമടായി വെളളം കൊണ്ടു വരികയാണ് നാട്ടുകാര്‍. കുരിയോട്ടുമല പദ്ധിതി യാഥാര്‍ത്ഥ്യമായതോടെ സമീപ പ്രദേങ്ങളിലെ മറ്റ് ചെറുകിടപദ്ധതികളും നിലച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടാങ്കറുകളില്‍ ജലമെത്തിക്കുന്ന പദ്ധതിയും ഇത്തവണയില്ല. കുടിവെളളക്ഷാമം പരിഹരിക്കാന്‍ ശാശ്വത പരിഹാരം കാണണമെന്നാവശ്യം ശക്തമാവുന്നുണ്ട്.

RELATED STORIES

Share it
Top