പിറവന്തൂരില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്; മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം

പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫില്‍ പടല പിണക്കത്തിനിടെ സിപിഎമ്മില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഷേധമുയരുന്നുണ്ട്. എല്‍ഡിഎഫ് ധാരണ പ്രകാരം സിപിഐയിലെ പിഎസ് ശശികല രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ്. സിപിഎമ്മിനാണ് വരുന്ന രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം. സിപിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും എല്‍ഡിഎഫിലെ ധാരണ പ്രകാരം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപിഎം രാജിവക്കാത്തതാണ് പടല പിണക്കത്തിന് ഇടയാക്കിയിരിക്കുന്നത്. 21 വാര്‍ഡുകളുള്ള ഇവിടെ സ്വതന്ത്രന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നടത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് രാജി വച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് സിപിഐ ആലോചിക്കുന്നത്.ഇതിനിടെ സിപിഎമ്മില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഷേധമുയരുന്നുണ്ട്. മുതിര്‍ന്നവരെ തഴഞ്ഞ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് സിപിഎമ്മില്‍ പ്രതിഷേധമുയരുന്നത്. പുന്നല ലോക്കല്‍ സെക്രട്ടറി രാജീവിന്റെ ഭാര്യ പുന്നല വാര്‍ഡംഗം അമ്പിളിയെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സിപിഎം തീരുമാനിച്ചിരിക്കുന്നത്. രണ്ടു തവണ വിജയിച്ച പാവുമ്പ വാര്‍ഡംഗം സുധാ വസന്തന്‍, ചാച്ചിപ്പുന്ന വാര്‍ഡില്‍ നിന്ന് രണ്ടു തവണ വിജയിച്ച ലതാ സോമരാജന്‍ എന്നിവരെ തഴഞ്ഞ് പുതുമുഖമായ അമ്പിളിയെ പരിഗണിക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഇതിനായി പിറവന്തൂര്‍ പഞ്ചായത്തിലെ പുന്നല, പിറവന്തൂര്‍, കറവൂര്‍ ലോക്കല്‍ കമ്മിറ്റിയും സിപിഎം ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെയും യോഗം വെവ്വേറെ ഏരിയ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്നിരുന്നു. ഇതില്‍ ചില പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്ന അവസാനവട്ട ചര്‍ച്ചയില്‍  ലതാ സോമരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫില്‍ സിപിഎം-അഞ്ച്, സിപിഐ-മൂന്ന്, കേരള കോണ്‍ഗ്രസ് (ബി)  -രണ്ട്, സ്വതന്ത്രന്‍-ഒന്ന് അടക്കം 11 അംഗങ്ങളാണ് ഉള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസ് -ആറ്, കേരള കോണ്‍ഗ്രസ് (എം)-ഒന്ന്, മുസ്്‌ലി ലീഗ്-ഒന്ന് ഉള്‍പ്പടെ എട്ടു പേരുണ്ട്. ബിജെപിക്ക് രണ്ടംഗങ്ങളുമാണുള്ളത്.

RELATED STORIES

Share it
Top