പിറന്നത് 458 റണ്‍സ്; പ്രഥമ കാനഡ ട്വന്റി20 ടൂര്‍ണമെന്റിന് വെടിക്കെട്ട് തുടക്കം


കിങ്‌സിറ്റി: പ്രഥമ കാനഡ ഗ്ലോബല്‍ ട്വന്റി20 ടൂര്‍ണമെന്റില്‍ വാന്‍കൂവര്‍ നൈറ്റ്‌സിനെതിരേ ടൊറൊന്റോ നാഷണല്‍സിന് തകര്‍പ്പന്‍ ജയം. ആറ് വിക്കറ്റിനാണ് ഡാരന്‍ സമി നായകനായുള്ള ടൊറൊന്റോ വിജയം സ്വന്തമാക്കിയത്. റണ്‍മഴ പെയ്ത മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വാന്‍കൂവര്‍ നൈറ്റ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ടൊറൊന്റോ 19.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ അന്റോണ്‍ ഡെവിച്ചിന്റെ (44 പന്തില്‍ 92*) ബാറ്റിങാണ് ടൊറൊന്റോയ്ക്ക് വിജയം സമ്മാനിച്ചത്.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത് ക്രിക്കറ്റിലേക്ക് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മല്‍സരം കൂടിയാണിത്. ടൊറൊന്റോയ്ക്ക് വേണ്ടിയാണ് സ്മിത്ത് പാഡണിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വാന്‍കൂവര്‍ നിരയില്‍ എവിന്‍ ലെവിസ് (55 പന്തില്‍ 96) ടോപ്് സ്‌കോററായി. ആന്‍ഡ്രെ റസലും (20 പന്തില്‍ 54) വാന്‍കൂവര്‍ നിരയില്‍ തിളങ്ങി. നായകന്‍ ക്രിസ് ഗെയ്‌ലിന് (12 പന്തില്‍ 17) തിളങ്ങാനായില്ല.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ടൊറൊന്റോയ്ക്ക് വേണ്ടി 10 ഫോറും ആറ്് സിക്‌സറും പറത്തിയാണ് ഡെവിച്ച് അപരാജിത അര്‍ധ സെഞ്ച്വറി നേടിയത്. സ്റ്റീവ് സ്മിത്ത് (41 പന്തില്‍ 61) മടങ്ങിവരവ് ഗംഭീരമാക്കി. സമി (10 പന്തില്‍ 22*) പുറത്താവാതെ നിന്നു.
പ്രഥമ സീസണിന്റെ ഉദ്ഘാടന മല്‍സരം തന്നെ വമ്പന്‍ പ്രചാരമാണ് നേടിയിരിക്കുന്നത്. 458 റണ്‍സ് പിറന്ന മല്‍സരത്തില്‍ 31 സിക്‌സറുകളും 27 ഫോറുകളുമാണ് പിറന്നത്.

RELATED STORIES

Share it
Top