പിന്‍വാതില്‍ നിയമനം: വഞ്ചിതരായി ഉദ്യോഗാര്‍ഥികള്‍

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഡ്രൈവര്‍ തസ്തിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അടിയറ വച്ച നയം തിരുത്താന്‍ ഇടപെടല്‍ വൈകുമ്പോള്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ വഞ്ചിക്കപ്പെടുന്നു. ഭരണ മുന്നണികള്‍ മാറുന്നതനുസരിച്ചു രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രം ത്രിതല പഞ്ചായത്തുകളിലെ ഡ്രൈവര്‍ തസ്തിക ദുരുപയോഗം ചെയ്യുന്നു. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ഈ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതഇല്ലാത്തവരാണെന്നതാണു വസ്തുത. പിഎസ്‌സി മാനദണ്ഡങ്ങളില്‍ കവിഞ്ഞ് രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമാണ് നിയമന മാനദണ്ഡമാവുന്നത്.
ഡ്രൈവര്‍ തസ്തികയിലേക്കുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അറിവോടെയാവുമ്പോള്‍ ചോദ്യംചെയ്യപ്പെടാത്ത കീഴ്‌വഴക്കമാണു സംസ്ഥാനത്തു നടപ്പാവുന്നത്. പ്രായപരിധി പോലും നോക്കാതെ ഇത്തരം നിയമനത്തിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡ്രൈവര്‍ തസ്തികകളിലുണ്ടാവുന്ന ഒഴിവുകള്‍ കൃത്യമായി പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാറില്ല. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്ത വകുപ്പു മേധാവികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു കാണിച്ച് പല തവണ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മേല്‍കൈ ലഭിക്കുമ്പോള്‍ ഉത്തരവുകള്‍ ജലരേഖയാവുന്നു.
സ്വന്തമായി വാഹനമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്ഥിരം ഡ്രൈവര്‍ നിയമനം നടത്തണമെന്നു സ്റ്റാഫ് പാറ്റേണ്‍ നിര്‍ണയിക്കുന്ന സമിതി 2012ല്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. റാങ്ക്പട്ടിക നിലനില്‍ക്കുന്ന തസ്തികകളില്‍ താല്‍ക്കാലിക നിയമനം പാടില്ലെന്നും ചട്ടമുണ്ട്. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ക്കു കളമൊരുങ്ങുന്നത്. തദ്ദേശഭരണ വകുപ്പിനു കീഴില്‍ സ്വന്തം വാഹനമുള്ള 765 സ്ഥാപനങ്ങളില്‍ നിലവില്‍ ഡ്രൈവര്‍ തസ്തിക അനുവദിച്ചിട്ടില്ല.
3000ത്തില്‍പരം ഉദ്യോഗാര്‍ഥികളാണു വിവിധ ജില്ലകളില്‍ തൊഴിലവസരം കാത്ത് റാങ്ക് ലിസ്റ്റിലുള്ളത്.
ഭരണകൂട പിന്തുണ ലഭിക്കുന്നില്ലെന്ന ഒറ്റക്കാരണത്താല്‍ വഞ്ചിതരാവുകയാണെന്നു ഡ്രൈവര്‍ തസ്തികയില്‍ പരീക്ഷയെഴുതി അവസരം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തൃശൂര്‍, പാലക്കാട്, കാസര്‍കോട്, എറണാകുളം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ നിയമവഴിയില്‍ നീതി തേടുകയാണ്.
കോടതി ഇടപെടലോടെ നിയമന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ആരാഞ്ഞിട്ടുണ്ടെങ്കിലും മന്ത്രിസഭ കൃത്യമായ തീരുമാനം അറിയിച്ചിട്ടില്ലെന്നാണു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളിലും അനധികൃത നിയമനങ്ങള്‍ക്കെതിരേ നിയമ നടപടിക്ക് ഒരുങ്ങുകയാണ് റാങ്ക് ലിസ്റ്റിലുള്ളവര്‍.

RELATED STORIES

Share it
Top