പിതൃതര്‍പ്പണ പുണ്യം തേടി ലക്ഷങ്ങള്‍ പെരിയാറിന്‍ തീരത്ത് സംഗമിക്കും

ആലുവ: പിതൃതര്‍പ്പണ പുണ്യം തേടി ലക്ഷങ്ങള്‍ പെരിയാറിന്‍ തീരത്ത് സംഗമിക്കും. ചരിത്ര പ്രസിദ്ധമായ ശിവരാത്രിയാഘോഷത്തിനായി ആലുവ മണപ്പുറം സജ്ജമായി. മണപ്പുറത്ത് ഒത്തു കൂടുന്ന വിശ്വാസികള്‍ അര്‍ധരാത്രി മുതല്‍ ബലി അര്‍പ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം പേരാണ് ശിവരാത്രി ദിനത്തില്‍ മണപ്പുറത്തെത്തുന്നത്. ഇന്നു രാത്രി പന്ത്രണ്ടിന് നടക്കുന്ന ശിവരാത്രി വിളക്കോടെ ബലിത്തര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമാവും. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ചേന്നാസ് മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും മുഖ്യകാര്‍മ്മികത്വം വഹിക്കും. വ്യാഴാഴ്ച കറുത്തവാവായതിനാല്‍ അന്ന് പകലും ബലിത്തര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ മണപ്പുറത്തെത്തും. 150 ഓളം ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ സേവനം, സുരക്ഷയ്ക്കായി 2000ത്തോളം പോലിസുകാര്‍ എന്നിവ മണപ്പുറത്തുണ്ടാകും. ഇതാദ്യമായി ഡ്രോണ്‍ കാമറ ഉള്‍പ്പടെയുള്ള ആധുനിക നിരീക്ഷണ സംവിധാനങ്ങള്‍ പോലിസ് മണപ്പുറത്ത് പരീക്ഷിക്കും. കലക്ടറുടെ നിര്‍ദേശ പ്രകാരം ഹരിത ശിവരാത്രിയായാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ശിവരാത്രി നാളില്‍ മണപ്പുറത്തിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയും ആലുവ നഗരത്തില്‍ മദ്യ വില്‍പ്പനയും  ഉപഭോഗവും നിരോധിച്ചിട്ടുണ്ട്. ആലുവ അദ്വൈതാശ്രമത്തിലും 3000 പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമുണ്ട്. അദൈ്വതാശ്രമത്തില്‍ ഇന്നു വൈകീട്ട് 5.30ന് നടക്കുന്ന 95ാമത് സര്‍വമത സമ്മേളനം ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ശിവരാത്രിയ്ക്ക് മണപ്പുറത്ത് എത്തുന്നവര്‍ക്കായി വടക്കേ മണപ്പുറത്ത് കെഎസ്ആര്‍ടിസി സ്റ്റാന്റ് പ്രവര്‍ത്തിക്കും. ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ കൂടുതല്‍ സമയം സര്‍വീസ് നടത്തും. കോയമ്പത്തൂര്‍തൃശ്ശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ചൊവ്വാഴ്ച ആലുവ വരെ നീട്ടി. തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ബുധനാഴ്ച പുലര്‍ച്ചെ ആലുവയില്‍ നിന്ന് പുറപ്പെടും. ഇന്നു വൈകീട്ട് നാലുമുതല്‍ നാളെ ഉച്ചയ്ക്ക് രണ്ടുവരെ ആലുവ നഗരത്തില്‍ പോലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ദേശീയപാതയില്‍ മുട്ടം മുതല്‍ വാപ്പാലശ്ശേരി വരെ ഇരുവശത്തും യാതൊരുവിധ പാര്‍ക്കിങും അനുവദിക്കുന്നതല്ല.

RELATED STORIES

Share it
Top