പിതാവ് 16കാരിയെ പീഡിപ്പിച്ച സംഭവം: മദ്‌റസാ അധ്യാപകനും കസ്റ്റഡിയില്‍

പരപ്പനങ്ങാടി: 16കാരിയെ പിതാവ് പീഡിപ്പിച്ച സംഭവത്തില്‍ മദ്‌റസാ അധ്യാപകനെ പോലിസ് പിടികൂടി. ചെറമംഗലം സ്വദേശി അബ്ദുല്‍ അസീസിനെ(43)യാണ് ഇന്നലെ രാത്രി എട്ടുമണിക്ക് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം അധ്യാപകന്‍ ഒളിവിലായിരുന്നു. സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും വീണ്ടും തിരിച്ചെത്തിയതോടെയാണ് പരപ്പനങ്ങാടി എസ്‌ഐ രഞ്ജിത്തും സംഘവും പിടികൂടിയത്. പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലാണു സംഭവം. പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി അഞ്ചാം ക്ലാസ് മുതല്‍ പീഡിപ്പിക്കുകയും ഈ വിവരം പെണ്‍കുട്ടി എഴുതിസൂക്ഷിച്ചത് മദ്‌റസാ അധ്യാപകന്റെ കൈയില്‍ ലഭിച്ചതോടെ ഇയാളും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടി വിവരം പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരോട് പറയുകയും ഇവര്‍ മുഖേന ചൈല്‍ഡ് ഡിപാര്‍ട്ട്‌മെന്റ് വഴി പരപ്പനങ്ങാടി പോലിസ് കേസെടുക്കുകയുമായിരുന്നു. പിതാവിനെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പിതാവ് പീഡിപ്പിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അബ്ദുല്‍ അസീസിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. പോക്‌സോ, ബലാല്‍സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

RELATED STORIES

Share it
Top