പിതാവ് മകന്റെ മൃതദേഹം ചുമന്ന സംഭവം: യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ആംബുലന്‍സ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് കൗമാരക്കാരനായ മകന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് തോളില്‍ ചുമന്ന് വീട്ടിലെത്തിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ഇടപെടുകയാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 45കാരനായ ഉദയവീറായിരുന്നു ഈ മാസം 1ന് ഇറ്റാവ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു മകന്റെ മൃതദേഹം ചുമന്നു കൊണ്ടുപോയത്. ഈ സംഭവത്തെ കുറിച്ചുള്ള മാധ്യമ റിപോര്‍ട്ടുകള്‍ വേദനാജനകവും അധികൃതരുടെ അവഗണനയും ദയാരഹിതമായ നിലപാടും വ്യക്തമാക്കുന്നതുമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ വീഴ്ച തങ്ങളുടെ പക്ഷത്താണെന്നു ഇറ്റാവ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ രാജീവ് യാദവ് സമ്മതിച്ചതാണെന്നു കമ്മീഷന്‍ പറയുന്നു. മകന്‍ മരിച്ചെന്നറിയിച്ച ഡോക്ടര്‍മാര്‍ മൃതദേഹം കൊണ്ടുപോവാന്‍ ഉദയവീറിനോട് ആവശ്യപ്പെടുകയായിരുന്നു. ബസ്സപകടം നടന്നതിനാലാണ് ആംബുലന്‍സ് നല്‍കാതിരുന്നതെന്ന് പിന്നീട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിശദീകരിച്ചിരുന്നു. മൃതദേഹം കൊണ്ടുപോവാന്‍ വാഹനസൗകര്യം വേണോ എന്ന് ഉദയവീറിനോട് അന്വേഷിക്കാനുള്ള മാന്യത പോലും ആശുപത്രി അധികൃതര്‍ കാണിച്ചില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top