പിതാവിന്റെ കൊലയാളികള്‍ക്ക് കുടുംബം മാപ്പ് നല്‍കി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയവര്‍ക്ക് താനും സഹോദരിയും മാപ്പ് നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞങ്ങള്‍ വളരെ അസ്വസ്ഥരായിരുന്നു. പിതാവിന്റെ മരണം വലിയ വേദനയുണ്ടാക്കിയിരുന്നു. വര്‍ഷങ്ങളോളം രോഷമുണ്ടായിരുന്നെങ്കിലും എങ്ങനെയൊക്കെയോ അതുമാറി. ഇപ്പോള്‍ പൂര്‍ണമായും പൊറുത്തുകൊടുത്തുവെന്നും രാഹുല്‍ പറഞ്ഞു. മലേഷ്യയിലെ ഐഐഎം പൂര്‍വ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
എന്തിന്റെ പേരിലായാലും ആക്രമണങ്ങള്‍ മാപ്പര്‍ഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് രാജ്യത്ത് മാറ്റംകൊണ്ടുവരാന്‍ ശ്രമിക്കുന്നതിനാല്‍ തന്റെ പിതാവും മുത്തശ്ശി ഇന്ദിരാ ഗാന്ധിയും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് കുടുംബത്തിന് അറിയാമായിരുന്നു. രാഷ്ട്രീയത്തില്‍ ദുഷ്ട ശക്തികളോട് എതിരിടുകയോ ഒരു നിലപാടില്‍ ഉറച്ചു നില്‍ക്കുകയോ ചെയ്താല്‍ കൊല്ലപ്പെട്ടേക്കാമെന്ന അവസ്ഥയാണ് ഇന്ത്യയിലെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ വളര്‍ന്നത് പ്രത്യേക ആനുകൂല്യങ്ങളുടെ തണലിലാണെന്ന ധാരണ തിരുത്തണം. മുത്തശ്ശി ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുമ്പോള്‍ തനിക്ക് 14 വയസ്സായിരുന്നു. പിന്നീട് പിതാവും കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള ജീവിതം പ്രത്യേകമായ ഒരു അന്തരീക്ഷത്തിലായിരുന്നു, രാവും പകലും 15ഓളം പേര്‍ കൂടെയുണ്ടാവും. ഇതൊരു പ്രത്യേക പരിഗണനയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്‍ടിടിഇ എന്ന സംഘടനയുടെ നേതാവ് പ്രഭാകരന്‍ കൊല്ലപ്പെട്ടു കിടക്കുന്നത് ചാനലില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ കാര്യമോര്‍ത്ത് സങ്കടം തോന്നിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഒരു തരത്തിലുള്ള അക്രമത്തെയും ഞാന്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top