പിതാവിനെ തേടി മകള്‍ ആബിദയുടെ പോരാട്ടം

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ - 5


കെ എ സലിം

ഷീറിയില്‍ നിന്ന് ഗാണ്ടാമുല്ല ബാലയിലേക്കുള്ള കുന്നുകള്‍ കയറുമ്പോള്‍ ബഷാര്‍ അഹ്മദ് ഒന്നിനു പിറകെ ഒന്നായി സിഗരറ്റിന് തീ കൊളുത്തിക്കൊണ്ടിരുന്നു. ബഷാറിനെ ഞാന്‍ അതിനു മുമ്പ് കണ്ടിട്ടില്ല. ഷീറിയില്‍ നിന്ന് എനിക്ക് കിട്ടിയ അപ്രതീക്ഷിത സഹയാത്രികനാണയാള്‍. ബഷാറിന്റെ പഴയ വണ്ടി പതുക്കെയാണു നീങ്ങുന്നത്. ഏകാകിയായ യാത്രക്കാരനെപ്പോലെ അയാള്‍ ഇടയ്ക്കിടെ പാടുകയും പിറുപിറുക്കുകയും ചെയ്തു. ഇടയ്ക്ക് ഉച്ചത്തില്‍ പാട്ടുവച്ചു.

[caption id="attachment_427466" align="alignnone" width="560"] ആബിദ, അബ്ദുല്‍ ഹമീദ് ദര്‍[/caption]

എവിടെയും പോക്കുവെയിലില്‍ കുളിച്ചു കിടക്കുന്ന പൈന്‍മരങ്ങളാണ്്. 'നിങ്ങളെ ഇവിടെയെത്തിച്ച ബഷാര്‍ ഒരു ഭ്രാന്തനാണ്. ഒരു ഭ്രാന്തു പിടിച്ച പോലിസുകാരന്‍'. ഗാണ്ടാമുല്ല ബാലയിലെ ദുര്‍ഘടമായ ചെരുവിലൂടെ നടക്കവെ മുഷ്താഖ് അഹ്മ്മദ് പറഞ്ഞു. ഞാന്‍ ചുറ്റും നോക്കി. ബഷാര്‍ അവിടെയെങ്ങുമില്ല. അയാള്‍ ഒരു മാന്ത്രികനെപ്പോലെ അപ്രത്യക്ഷനായിരുന്നു. ചുറ്റും പൈന്‍മരങ്ങളാണ്. എനിക്കും മുഷ്താഖിനുമൊപ്പം കുന്നുകള്‍ക്കു പിന്നില്‍ അസ്തമിക്കാനിരിക്കുന്ന സൂര്യനും ഭൂമിയെ നിശബ്ദം ആവരണം ചെയ്യുന്ന കുളിരുള്ള നീലിമയും പൂക്കളും കിളികളുമല്ലാതെ മറ്റൊന്നുമില്ല.

മുകളില്‍ താഴെ പൈന്‍ മരങ്ങള്‍ നിറഞ്ഞ കുന്നുകള്‍. പിന്നില്‍ അതിനോട് അതിരിടുന്ന നെല്‍പ്പാടങ്ങ ള്‍. ചിനാര്‍ മരങ്ങള്‍, ആപ്പിള്‍ തോട്ടങ്ങള്‍. താഴെ ഝലം നദി. എക്കാലത്തും ഇതായിരുന്നു എന്റെ മനസ്സിലെ കശ്മീര്‍. വെയില്‍ ചരിഞ്ഞു പെയ്യുന്ന ഈ കുന്നുകളില്‍ നിന്നുയരുന്ന പൂക്കളുടെ ഗന്ധമായിരുന്നു എന്റെ മനസ്സിലെ കശ്മീരിന്റെ ഗന്ധം. ഗാണ്ടാമുല്ല ബാലയെക്കാള്‍ സുന്ദരമായൊരു കശ്മീരി ഗ്രാമം ഞാന്‍ അതിനു മുമ്പ് കണ്ടിട്ടില്ല.

ആപ്പിളുകള്‍ ചുവക്കുന്നത് അത് മറ്റൊന്നിനെ കണ്ടുമുട്ടുമ്പോഴാണ്. മുഷ്താഖ് തുടുത്ത ആപ്പിള്‍ പറിച്ച് എനിക്ക് നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. എന്റെ ആശ്ചര്യം കണ്ടാവണം, മുഷ്താഖിന്റെ കരുവാളിച്ച മുഖത്ത് അപൂര്‍വമായൊരു പുഞ്ചിരി വിടര്‍ന്നു. കുന്നുകള്‍ക്ക് ഏറ്റവും മുകളിലെ ചെറിയൊരു നിരപ്പിലാണ് മുഷ്താഖിന്റെ വീട്. അതിനുമപ്പുറം കണ്ണെത്താ ദൂരത്തോളം പൈന്‍മരങ്ങള്‍ നിറഞ്ഞ മലനിരകള്‍ മാത്രമേയുള്ളൂ. കുതിരയും പശുക്കളുമുള്ള, മരപ്പാളികള്‍ കൊണ്ട് അതിരുകള്‍ തീര്‍ത്ത വീട്ടില്‍ പിതാവ് അബ്ദുല്‍ ഹമീദ് ദറിന്റെ കഥപറയാന്‍ മുഷ്താഖിന്റെ ഭാര്യ ആബിദാ ബീഗമുണ്ടായിരുന്നു.

ഗ്രാമത്തിലെ ഏറ്റവും കരുത്തനായിരുന്നു അബ്ദുല്‍ ഹമീദ് ദര്‍. ജീവിക്കാന്‍ ഷീറിയിലെ വീടിനടുത്ത് ഒരു കട നടത്തുകയായിരുന്നു ദര്‍. 1992ലെ ഒരു നാള്‍ സൈന്യമെത്തി ദറിനെ പിടിച്ചുകൊണ്ടുപോയി. കുറേ നാള്‍ ദറിനായി കുടുംബം തിരച്ചില്‍ നടത്തി. ദര്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ദര്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു കുടുംബം കരുതി. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 1994ലെ ഒരു രാത്രി ദര്‍ തിരിച്ചെത്തി. സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു വീട്ടില്‍. ഭാര്യ ഷമീമാ ബീഗത്തിനൊപ്പം സന്തോഷത്തോടെ കഴിഞ്ഞ നാളുകളില്‍ ഇനിയൊരിക്കല്‍ കൂടി അയാളെ തേടി സൈന്യമെത്തുമെന്ന് ആരും കരുതിയില്ല. എന്നാല്‍ മാസങ്ങള്‍ക്കു ശേഷം രാഷ്ട്രീയ റൈഫിള്‍സിലെ 29ാം റെജിമെന്റിലെ സൈനികര്‍ ദറിനെ പിടിച്ചുകൊണ്ടുപോയി.

മേജര്‍ ആചാര്യയുടെ നേതൃത്വത്തിലുള്ള സംഘം 30കാരനായ ദറിനെ പിടിച്ചുകൊണ്ടുപോവുമ്പോള്‍ ആബിദയെ ആറുമാസം ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു ഷമീമ. അടുത്തുള്ള രാഷ്ട്രീയ റൈഫിള്‍സ് ക്യാംപില്‍ ചെന്നു കരഞ്ഞ ഷമീമയോട് രാഷ്ട്രീയ റൈഫിള്‍സ് ക്യാപ്റ്റന്‍ സതീഷ് കേക്രി പറഞ്ഞു: അവന് വല്ലാത്ത കരുത്തുണ്ട്. ഒന്നും വിട്ടുപറയുന്നില്ല. അതുകൊണ്ട് കാല് ഞങ്ങള്‍ തല്ലിയൊടിച്ചിട്ടുണ്ട്. ദൂരെ ദറിനെ കെട്ടിയിട്ടിരിക്കുന്നത് ഷമീമ കണ്ടു. കാലുകള്‍ തല്ലിയൊടിച്ചിരുന്നു. വയറ് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് നെടുകെ കീറിയിട്ടുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ട് അടുത്തേക്കോടിയ ഷമീമയെ സൈനികര്‍ തടഞ്ഞു. പിന്നെ വലിച്ചിഴച്ച് ക്യാംപിന് പുറത്താക്കി.

ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ പോലിസ് സ്‌റ്റേഷനിലും സൈനിക ക്യാംപുകളിലും കയറിയിറങ്ങി നടന്ന കാലമായിരുന്നു പിന്നീട്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. ദറിനെ പിടിച്ചുകൊണ്ടുപോയ കാര്യം സൈന്യം നിഷേധിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞു. പഴയതുപോലെ ദര്‍ തിരിച്ചുവരുമെന്നു ഷമീമ കരുതി. എന്നാല്‍ അതുണ്ടായില്ല. ഉമ്മയില്‍ നിന്ന് ഈ കഥകളെല്ലാം കേട്ടാണ് ആബിദ വളര്‍ന്നത്. ബന്ധുക്കളുടെ നിര്‍ബന്ധത്തി ല്‍ ഷമീമ വേറെ വിവാഹം ചെയ്തു. ആബിദയുള്‍പ്പെടെയുള്ള കുടുംബത്തിലെ ദറിന്റെ മൂന്ന് പെണ്‍കുട്ടികളും വിവാഹിതരായി. ദര്‍ മരിച്ചിരിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു, ആബിദയൊഴികെ. ഒരിക്കലും കണ്ടിട്ടില്ലാത്ത പിതാവിനായുള്ള പോരാട്ടം ആബിദ ഏറ്റെടുത്തു.

കോടതി ഇടപെടലിനെത്തുടര്‍ന്ന് പോലിസിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവന്നപ്പോള്‍ പ്രതികളായ സൈനികര്‍ കേസ് പിന്‍വലിച്ചാല്‍ എട്ടുലക്ഷം കൈക്കൂലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ആബിദ സമ്മതിച്ചില്ല. കടുത്ത സമ്മര്‍ദത്തിലാണ് കേസുമായി മുന്നോട്ടുപോയിരുന്നതെന്ന് ആബിദ പറഞ്ഞു. എഫ്‌ഐആറിന്റെ കോപ്പി കിട്ടാന്‍ വരെ കോടതിയെ സമീപിക്കേണ്ടിവന്നു. ആദ്യത്തെ കേസ് പോലിസ് അവസാനിപ്പിച്ചപ്പോള്‍ കോടതിയില്‍ പോയി ആറു വര്‍ഷത്തിനു ശേഷം കേസ് വീണ്ടും തുറപ്പിച്ചു. അതില്‍ ഒന്നുമാവാത്തതിനാല്‍ നാലു വര്‍ഷം മുമ്പ് ഹൈക്കോടതിയെ സമീപിച്ചു.

കേസിപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. തുടക്കംമുതല്‍ തന്നെ എല്ലാവരും തങ്ങളോട് കള്ളമായിരുന്നു പറഞ്ഞുകൊണ്ടിരുന്നതെന്ന് ആബിദ പറഞ്ഞു. സൈന്യം, പോലിസ്, സര്‍ക്കാര്‍ എല്ലാവരും ഒന്നിന് പിറകെ ഒന്നായി കള്ളം പറഞ്ഞുകൊണ്ടിരുന്നു. ഇതൊരു തീരാത്ത പോരാട്ടമാണ്. എന്റെ പിതാവിന് എന്തുസംഭവിച്ചുവെന്നറിയുംവരെ ഞാന്‍ ഇതു തുടരും. ആബിദ പറഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ മുഷ്താഖിനൊപ്പം ആബിദയും മകളും കൂടെയുണ്ടായിരുന്നു. പോക്കുവെയിലിലും ആപ്പിള്‍ത്തോട്ടത്തിലും നെല്‍വയലിലും ജോലിചെയ്യുന്നവരെ കാണാം. വെയിലിലും മഴയിലും മണ്ണിലും ജീവന്‍ അര്‍പ്പിച്ച ഒരു കൂട്ടം മനുഷ്യരുടെ നന്‍മയാണ് ഈ ഗ്രാമത്തിന്റെ ശക്തി.

കാത്തിരിപ്പിനൊടുവില്‍ പൊടിയണിഞ്ഞ ബസ് വന്നു നിന്നു. ബാരാമുല്ലയിലേക്കുള്ള അവസാനത്തെ ബസ്സായിരുന്നു അത്. അതില്‍ക്കയറി തിരിഞ്ഞുനോക്കുമ്പോള്‍ പിന്നില്‍ നിന്ന് ആബിദയും കുഞ്ഞും കൈവീശുന്നുണ്ടായിരുന്നു. പോക്കുവെയിലില്‍ പൈന്‍മരത്തലപ്പുകള്‍ക്ക് അപ്പോള്‍ സ്വര്‍ണനിറമായിരുന്നു.

നാളെ: കനബാല്‍ സൈനിക ക്യാംപിലെ കണ്ണീര്‍ച്ചാലുകള്‍

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ - 4

RELATED STORIES

Share it
Top