പിണറായി സര്‍ക്കാര്‍ കൊലപാതക രാഷ്ട്രീയത്തിന്റെ കാവല്‍ക്കാര്‍: ചെന്നിത്തല

മട്ടന്നൂര്‍: കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ കണ്ണൂരില്‍ മാത്രം രാഷ്ട്രീയ സംഘര്‍ഷത്തില്‍ ജീവന്‍ പൊലിഞ്ഞത് 9.പേര്‍ക്കാണെന്നും പിണറായി സര്‍ക്കാര്‍ കൊലപാതക രാഷ്ട്രീയത്തിന്റെ കാവല്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ഉച്ചയ്ക്ക് എടയന്നൂരിലെ ശുഹൈബിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലില്‍ നിന്ന് പരോളിലിറങ്ങിയ പ്രതികളാണ് കൊലപാതകത്തിനു പിന്നില്‍.
ജയിലില്‍ പോലും കൊലപാതകം ആസൂത്രണം ചെയ്യാനുള്ള സാഹചര്യം ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നുണ്ട്. പോലിസുകാരെ കെട്ടിയിട്ടാണ് ഇവര്‍ ഭരണം നടത്തുന്നത്. കൊലപാതകം നടന്ന് രണ്ടു ദിവസമായിട്ടും ശുഹൈബിന്റെ വീട്ടില്‍ വരാനോ, പ്രതികളെ കുറിച്ച് സൂചന പോലും തരാനോ പോലിസിന് സാധിക്കുന്നില്ല.
ശുഹൈബിന വധിക്കുമെന്ന് ആക്രോശിച്ചു പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാ ന്‍ പോലിസ് തയ്യാറാവണം. സമഗ്രാന്വേഷണം നടത്തി നേതൃത്വത്തിന്റെ ഗൂഢാലോചന വരെ പുറത്തുകൊണ്ട് വരണം. യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സിപിഎം തീറ്റിപ്പോറ്റുന്ന ഗുണ്ടകളെ പ്രതിയാക്കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍, സജീവ് ജോസഫ്, റിജില്‍ മാക്കുറ്റി, വി ആര്‍ ഭാസ്‌കരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

RELATED STORIES

Share it
Top