പിണറായി ട്രാക്കോ കേബിള്‍ ഹൗസ് വയറിങ് യൂനിറ്റില്‍ കാരാര്‍ നിയമനത്തില്‍ പ്രതിഷേധം

തലശ്ശേരി: പിണറായി ട്രാക്കോ കേബിള്‍ ഹൗസ് വയറിങ് യൂനിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചത് പ്രദേശവാസികളിലും സിപിഎം പ്രവര്‍ത്തകരിലും പ്രതിഷേധം. സ്ഥാപനത്തില്‍ നിയമനം പ്രതീക്ഷിച്ച് നിരവധി ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുമ്പോഴാണ് നടപടി.
ലിസ്റ്റ് നിലവിലുണ്ടെങ്കിലും അതില്‍ നിന്ന് ആരെയും നിയമിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്ന കമ്പൗണ്ടര്‍ ഷാപ്പിലുള്ള ഒരാളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്. 2011 ഫെബ്രുവരിയിലാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ നിയമിക്കുമെന്ന് അന്നു വ്യവസായ മന്ത്രി എളമരം കരീം ഉദ്ഘാടന വേളയില്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
സ്ഥാപനം ആരംഭിക്കാന്‍ കമ്പനിയിലേക്കുള്ള റോഡ് നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ സ്ഥലം നല്‍കുന്നവര്‍ക്ക് അവരുടെ കുടുംബത്തില്‍പെട്ടവര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം അന്നത്ത് പഞ്ചായത്ത് പ്രസിഡന്റും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ പ്രതീക്ഷിച്ച് രണ്ടു കുടുംബങ്ങള്‍ റോഡ് നിര്‍മാണത്തിനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു.
സ്ഥാപനവും റോഡും നിര്‍മിച്ച് ഏഴുവര്‍ഷം കഴിഞ്ഞെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. നിലവില്‍ 25 സ്ഥിര ജിവനക്കാരും 20 പരിശീലകരും ജോലി ചെയ്തുവരുന്നുണ്ട്. സ്ഥിര ജീവനക്കാര്‍ എല്ലാം തന്നെ ട്രാക്കോ കേബിള്‍ കമ്പനിയുടെ മറ്റു യൂനിറ്റുകളില്‍ നിന്നാണ് നിയമിച്ചിട്ടുള്ളത്. അതിനാല്‍ പിണറായി ട്രാക്കോ കേബ
ിള്‍ കമ്പനിയിലേക്ക് ഇതുവരെയായി ഒരു നിയമനവും നടത്തിയിട്ടില്ല.
തൊഴിലാളികളെ നിയമിക്കണമെന്ന് ആവശ്യപെട്ട് ട്രേഡ് യൂനിയന്‍ അധികൃതരെ സമീപിച്ചെങ്കിലും നിയമനം നടന്നില്ല.
ഈ യൂനിറ്റില്‍ ജിവനക്കാരെ നിയമിക്കുന്നതിന് കാലതാമസം ഒഴിവാക്കാന്‍ പിഎസ്‌സി വഴിയല്ലാതെ കിറ്റ്‌കോയ്ക്കായിരുന്നു ചുമതല. വിവിധ തസ്തികകളിലായി യൂനിറ്റില്‍ 50ഓളം ഒഴിവുകളുണ്ട്. സ്ഥാപനം ആരംഭിക്കാന്‍ സിപിഎം മുന്‍കൈയെടുക്കുകയും പ്രദേശത്തുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന ഉറപ്പും ഉണ്ടായിരുക്കുന്നെങ്കിലും ഇവയൊന്നും പാലിക്കപ്പെടാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകരിലും അമര്‍ഷമുണ്ട്.

RELATED STORIES

Share it
Top