പിണറായിലെ ദുരൂഹമരണങ്ങള്‍ : വീട്ടമ്മ അറസ്റ്റില്‍, കുറ്റം സമ്മതിച്ചുവെന്ന് പോലിസ്തലശേരി: പിണറായി പടന്നക്കരയിലെ ഒരു വീട്ടില്‍ ഒന്നിനുപിറകെ മറ്റൊന്നായി നടന്ന നാലു ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട്  മരിച്ച കുട്ടികളുടെ മാതാവ് സൗമ്യയെ പോലിസ് അറസ്റ്റ് ചെയ്തു. നാലുപേരെയും താന്‍ എലിവിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൗമ്യ സമ്മതിച്ചതായി പോലിസ് പറഞ്ഞു.
സൗമ്യയുടെ പിതാവ് കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (ഒന്‍പത്), കീര്‍ത്തന (ഒന്നര) എന്നിവരാണ് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഛര്‍ദ്ദിയും വയറു വേദനയുമായിരുന്നു നാലു പേരുടെയും അസുഖം. മരണത്തില്‍ ദുരൂഹത തോന്നിയ സാഹചര്യത്തില്‍ ഇവരുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ ശരീരത്തില്‍ അമിതമായ അളവില്‍ അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു. എലിവിഷത്തിലും കീടനാശിനികളിലും അടങ്ങിയിട്ടുള്ള രാസവസ്തുവാണിത്.  ഇതേതുടര്‍ന്ന് മൂന്ന് മാസം മുന്‍പ് മരിച്ച സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സൗമ്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് കുറ്റം സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top