പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപോകണം: ശോഭാ സുരേന്ദ്രന്‍തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പി സദാശിവം ഇറങ്ങിപോകണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയോട് മര്യാദയും നീതിയും കാണിക്കണമെന്നും അവര്‍ പറഞ്ഞു.
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പിണറായി വിജയനെ കാണുമ്പോള്‍ പേടിച്ച് തലകുനിച്ച് നില്‍ക്കാനാണ് ഭാവമെങ്കില്‍ ദയവുചെയ്ത് ഗവര്‍ണര്‍ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയാണ്. ഗവര്‍ണര്‍ പദവിയോട് അല്‍പമെങ്കിലും നീതിബോധവും മര്യാദയും ഉണ്ടെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തുതരണം- ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഗവര്‍ണറെ കണ്ടിരുന്നു. കണ്ണൂരില്‍ പട്ടാളത്തിന് പ്രത്യേ അധികാരം നല്‍കുന്ന അഫ്‌സ്പ നടപ്പിലാക്കണമെന്നും നേതാക്കള്‍ നിവേദനത്തിലൂടെ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ശോഭാസുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top