പിണറായിയിലും ഡെങ്കിപ്പനിതലശ്ശേരി: മട്ടന്നൂര്‍ നഗരസഭയിലെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ പിണറായിയിലും ഡെങ്കിപ്പനി പടരുന്നു. മൂന്നുപേര്‍ ചികില്‍സ തേടി തലശ്ശേരി സഹകരണ ആശുപത്രിയിലെത്തി. ഇവര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എന്നാല്‍ പിണറായി മേഖലയില്‍ ഡെങ്കിപ്പനി പടരുമ്പോഴും പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാതെ ആരോഗ്യവകുപ്പ് അധികൃതര്‍ അലംഭാവം കാണിക്കുന്നതാണ് ആക്ഷേപം. പിണറായി പഞ്ചായത്തിലെ പാറപ്രം, എടക്കടവ്, കിഴക്കുഭാഗം പ്രദേശങ്ങളിലെ മൂന്നുപേരാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികില്‍സ തേടിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇത്തരത്തില്‍ ഡെങ്കിപ്പനി ലക്ഷണം കാണിച്ച ചിലരും പിണറായി ആരോഗ്യകേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. നേരത്തേ ഡെങ്കിപ്പനി വ്യാപകമായി റിപോര്‍ട്ട് ചെയ്ത മട്ടന്നൂര്‍ മേഖലയില്‍ ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് പ്രദേശവാസികള്‍ക്ക് പനി പടര്‍ന്നതെന്നാണു ആരോഗ്യവിഭാഗം അറിയിച്ചിരുന്നത്. എന്നാല്‍, തലശ്ശേരിയില്‍ പ്രദേശവാസികള്‍ക്കു തന്നെ ഡെങ്കിപ്പനി ബാധിച്ചതോടെ ആരോഗ്യവകുപ്പ് അധികൃതരുടെ വാദം സംശയമുയര്‍ത്തുകയാണ്. പിണറായി മേഖലയില്‍ ചെത്തുതൊഴിലാളികള്‍ക്കാണ് ഡെങ്കിപ്പനി പിടിപെട്ടതായി കണ്ടെത്തിയത്. മട്ടന്നൂര്‍ മേഖലയില്‍ ഇപ്പോഴും ഡെങ്കിപ്പനി വ്യാപനത്തിനു ശമനമായിട്ടില്ല. കഴിഞ്ഞ ദിവസവും ഏഴുപേര്‍ ചികില്‍സ തേടി ആശുപത്രിയിലെത്തിയിരുന്നു. ശുചിത്വ ഹര്‍ത്താലും ബോധവല്‍ക്കരണവും ശുചീകരണവുമെല്ലാം നടത്തുന്നുണ്ടെങ്കിലും ദിവസം കഴിയുന്തോറും പനിബാധിതരുടെ എണ്ണം കൂടിവരികയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. നേരത്തേ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലും മൂന്നുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.

RELATED STORIES

Share it
Top