പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

കാസര്‍കോട്: ചെമ്പിരിക്ക-മംഗളൂരു ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു യുവനേതാവിന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെയാണ് ഇന്ന് സിബിഐ ഡിവൈഎസ്പി പി ഡാര്‍വിന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ 11ന് സിബിഐ കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഖാസി കേസില്‍ ആദൂര്‍ പരപ്പ സ്വദേശിയും നീലേശ്വരത്തെ ഓട്ടോ ഡ്രൈവറുമായിരുന്ന യുവാവ് നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നിസാം മേത്തര്‍ കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അറിയുന്നതിനാണ് സിബിഐ നോട്ടീസ് അയച്ചത്. അതേസമയം ഖാസിയുടെ മരണം നടന്ന എട്ട് വര്‍ഷം നാളേക്ക് പൂര്‍ത്തിയാവുന്നുണ്ട്. എന്നാല്‍ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സിബിഐ തിരുവനന്തപുരം യൂനിറ്റിന് കൈമാറുകയായിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ മരണം ആത്മഹത്യ എന്ന തരത്തിലാണ് റിപോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇതിനെതിരെ ഖാസിയുടെ മകന്‍ മുഹമ്മദ് ശാഫി ഫയല്‍ ചെയ്ത കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. പിഡിപി നേതൃത്വത്തില്‍ നാളെ തളങ്കരയിലും മേല്‍പറമ്പിലും സായാഹ്ന ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top