പിഡിപി വിമതരെ മെരുക്കാനുള്ള മെഹബൂബയുടെ ശ്രമം പാളി

ശ്രീനഗര്‍: വിമതരെ അനുനയിപ്പിക്കാനുള്ള പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ ശ്രമം ഫലം കാണുന്നില്ല. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍മന്ത്രി ഹസീബ് ദ്രാബുവിനെ പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി (പിഎസി)യിലേക്ക് മെഹബൂബ നാമനിര്‍ദ്ദേശം ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചു. പിഎസി പുനസംഘടനയില്‍ പ്രായശ്ചിത്തത്തേക്കാള്‍ പ്രീണനമാണ് പ്രതിഫലിക്കുന്നതെന്ന് ദ്രാബു പറഞ്ഞു. ദ്രാബുവിനൊപ്പം മറ്റൊരു മുന്‍ മന്ത്രിയായ അല്‍ത്താഫ് ബുഖാരിയെയും പിഡിപിയുടെ ഉന്നത സമിതിയായ പിഎസിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് വെള്ളിയാഴ്ചയായിരുന്നു. നാമനിര്‍ദ്ദേശം ചെയ്തത് മാധ്യമങ്ങളിലൂടെ അറിഞ്ഞ താന്‍ അമ്പരന്നുവെന്ന് ദ്രാബു പറഞ്ഞു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരിക്കെ മെഹബൂബ, ദ്രാബുവിനെ മാര്‍ച്ചില്‍ മന്ത്രിസഭയില്‍ നിന്നു ഒഴിവാക്കിയിരുന്നു. കശ്മീര്‍ ഒരു രാഷ്ട്രീയ പ്രശ്‌നമല്ല എന്ന് പ്രസംഗിച്ചതിനെതുടര്‍ന്നായിരുന്നു അദ്ദേഹത്തിന് മന്ത്രിസ്ഥാനം തെറിച്ചത്.

RELATED STORIES

Share it
Top