പിടിയിലായവര്‍ എസ്ഡിപിഐ അനുഭാവികളെന്നു പോലിസ്‌സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു സോഷ്യല്‍ മീഡിയയിലെ ആഹ്വാന പ്രകാരം നടന്ന ഹര്‍ത്താലിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം ഡിജിപി രൂപീകരിച്ചു. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചു സംഘം അന്വേഷണം നടത്തും. മാധ്യമങ്ങളെ ഇതിനായി ദുരുപയോഗം ചെയ്‌തോ എന്ന കാര്യവും അന്വേഷിക്കും.
വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രചരിപ്പിച്ചവരെ കണ്ടെത്തി സൈബര്‍ സെല്‍ നടപടി സ്വീകരിക്കും. വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെക്കുറിച്ചും മെസേജ് ഫോര്‍വേഡ് ചെയ്തവരെക്കുറിച്ചുമുള്ള വിവരം ശേഖരിക്കും.
ഇവര്‍ക്കെതിരേ ഐടി ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കാനാണു ശ്രമം. സംസ്ഥാനത്താകെ ഇപ്രകാരം 3000ത്തോളം ഫോണുകള്‍ നിരീക്ഷണത്തിലാണ്. വാട്‌സ് ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതിനു പിന്നില്‍ മറ്റെന്തെങ്കിലും അജണ്ട ഉണ്ടായിരുന്നോയെന്നും അന്വേഷിക്കും. അപ്രഖ്യാപിത ഹര്‍ത്താലിനിടയാക്കിയ സാമൂഹിക മാധ്യമ പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക അന്വേഷണവും നടത്തുന്നു. ഹര്‍ത്താലില്‍ പിടിയിലായവര്‍ ഭൂരിഭാഗവും എസ്ഡിപിഐ അനുഭാവികളെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും ഇത്തരത്തില്‍ റിപോര്‍ട്ട് നല്‍കിയെന്നാണു വിവരം.
എന്നാല്‍ ഇക്കാര്യം എസ്ഡിപിഐ സംസ്ഥാന നേതൃത്വം നിഷേധിച്ചിട്ടുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഹര്‍ത്താല്‍ അരങ്ങേറിയത്. ഹര്‍ത്താലിനിടെ 200ലധികം പേര്‍ പിടിയിലായിരുന്നു. 60ലധികം കേസുകളും രജിസ്റ്റര്‍ ചെയ്തു. മലബാര്‍ മേഖലയിലെ മൂന്ന് പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നേതൃത്വം ആരും ഏറ്റെടുക്കാത്ത ഹര്‍ത്താലിനെ അപലപിച്ചു പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top