ശുഹൈബ് വധം:പിടിയിലായത് ഡമ്മി പ്രതികളല്ലെന്ന് കെ സുധാകന്‍

കണ്ണൂര്‍: മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ഡമ്മി പ്രതികളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൊഴി അംഗീകരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. തുടരന്വേഷണത്തില്‍ പോലീസ് വെള്ളം ചേര്‍ക്കരുത്. പരോളിലിറങ്ങിയ പ്രതികളുടെ പങ്ക് അന്വേഷിക്കണമെന്നും സിബിഐ അന്വേഷണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.നേരത്തെ, ശുഹൈബ് വധത്തില്‍ പിടിയിലായത് ഡമ്മി പ്രതികളാണെന്ന് സുധാകരന്‍ ആരോപിച്ചിരുന്നു.യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനായി സിപിഎം പ്രാദേശിക നേതൃത്വം തയ്യാറാക്കിയ തിരക്കഥയാണിതെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇതിന് വിപരീതമായാണ് സുധാകരന്റെ ഇന്നത്തെ പ്രതികരണം.
ഇന്ന് കണ്ണൂരിലെ സ്‌പെഷ്യല്‍ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ശുഹൈബിനൊപ്പം ഉണ്ടായിരുന്നവരാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. ഈ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.

RELATED STORIES

Share it
Top