പിടിച്ചുപറി കേസിലെ പ്രതികളെ രക്ഷിക്കാന്‍ വന്‍ റാക്കറ്റ്

വടകര : പിടിച്ചുപറി കേസുകളില്‍ പോലിസ് പിടികൂടുന്ന പ്രതികളെ രക്ഷിക്കാന്‍ വന്‍ സംഘം രംഗത്ത്. ബസ് യാത്രക്കാരികളുടെ കഴുത്തിലണിയുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തി പിടികൂടിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാനത്ത് വന്‍ റാക്കറ്റുകള്‍ സജീവമായതായാണ് റിപോര്‍ട്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ വടകര, എടച്ചേരി പോലിസ് സ്റ്റേഷന്‍ പരിധികളില്‍ മൂന്ന് കേസുകളിലായി തമിഴ്‌നാട് ഈറോഡ് സ്വദേശികളായ കല്‍പ്പകം, രാസാത്തി എന്നീ സ്ത്രീകളെ പിടികൂടിയതോടെയാണ് സംഘത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഈ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാവാനും മറ്റും തൃശൂരില്‍ നിന്നുള്ള അഭിഭാഷകനെത്തുകയും സാക്ഷികളെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയുമാണ് ചെയ്തത്. ഇതോടെ പ്രതികളെ പിടികൂടുന്ന പോലീസിന് ആത്മവീര്യം നഷ്ടപ്പെടുകയാണ്.
കവര്‍ച്ച നടന്നാല്‍ പരാതിയുമായി പോലിസ് സ്റ്റേഷനില്‍ എത്തിക്കഴിഞ്ഞ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടുന്ന പോലീസിന് കേസ് കോടതിയിലെത്തുന്നതോടെ ഒത്തുതീര്‍പ്പാകുന്നത് തലവേദനയായി മാറിയിരിക്കുന്നത്.
പരാതിക്കാര്‍ക്ക് നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരിച്ച് കിട്ടുന്നതോടൊപ്പം പരാതിക്കാര്‍ക്ക് വന്‍ തുക നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നത്. അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് സാക്ഷികള്‍ക്ക് നല്‍കുന്നത്. ഇത്തരം പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ പെട്ടെന്ന് തന്നെ റോബറി അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്നാല്‍, ജഡ്ജിക്ക് മുന്നിലെത്തിയാല്‍ പരാതിക്കാര്‍ പിന്‍വാങ്ങുകയും അങ്ങിനെയൊരു സംഭവം നടന്നിട്ടില്ലെന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.
പ്രതിയെ കോടതിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ പരാതിക്കാര്‍ക്ക് നല്‍കേണ്ട പണമടക്കമുള്ളവ നല്‍കിയാണ് ഇവരും കോടതിയില്‍ എത്തുന്നത്. ഇത്തരം പ്രവണത പരാതിക്കാര്‍ക്ക് കൂടിയ സാഹചര്യത്തില്‍ പിടിച്ചുപറി കേസുകള്‍ വര്‍ദ്ധിക്കുന്നതായി പോലിസ് പറയുന്നു. കോഴിക്കോട് ജില്ലയില്‍ ഇത്തരത്തില്‍ അമ്പതോളം സംഘം എത്തിയതായാണ് വിവരം.

പൊതുവെ നല്ല വേഷവിധാനത്തോടെ നടക്കുന്ന ഇവരെ യാത്രക്കാര്‍ സംശയിക്കാനിടയില്ല. ഇവര്‍ പോലീസിന് നല്‍കുന്ന മേല്‍വിലാസവും തെറ്റാണ്. പ്രതികളെ കയ്യോടെ പിടിക്കപ്പെട്ടാലും സത്യം ഒരിക്കലും പറയാന്‍ ഇവര്‍ തയ്യാറല്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരുവരുടെയും മേല്‍വിലാസം അന്വേഷിച്ച് തമിഴ്‌നാട്ടിലെത്തിയ പോലീസിന് ഈ മേല്‍വിലാസത്തില്‍ ആളില്ലെന്നാണ് മനസിലായത്. ജാമ്യത്തിലിറങ്ങിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത ജില്ല വിട്ട് മറ്റൊരു ജില്ലയിലേക്ക് പോകുകയാണ് ഇവര്‍ ചെയ്യുന്നതെന്നുമാണ് പോലീസ് പറയുന്നത്.

RELATED STORIES

Share it
Top