പിടികൂടിയ മണല്‍ ലോറി അളവ് തിട്ടപ്പെടുത്താന്‍ രാത്രി കൊണ്ടുപോയത് വിവാദത്തില്‍

മുള്ളേരിയ: ദിവസങ്ങള്‍ക്ക് മുമ്പ് ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്തുന്നതിനിടെ ആദൂര്‍ സിഐയുടെ നേതൃത്വത്തില്‍ പോലിസ് പിടികൂടിയ വാഹനം രാത്രി അളവ് തിട്ടപെടുത്തുവാന്‍ കൊണ്ടുപോയ സംഭവം വിവാദമാവുന്നു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ മണലിന്റെ അളവ് തിട്ടപ്പെടുത്തുതിനായി മുള്ളേരിയക്ക് സമീപം പൂവടുക്കയിലെ ഒരു വെയിങ് മെഷിനിലേക്ക് കൊണ്ടു പോയത്. അളവ് തിട്ടപെടുത്തി തിരികെ സ്‌റ്റേഷനിലേക്ക് വരുന്നതിനിടെ മുള്ളേരിയ സര്‍ക്കിളിന് സമീപം വാഹനത്തിന്റെ എന്‍ജിന്‍ തകരാറായി. തുടര്‍ന്ന് മെക്കാനിക്കിനെ കൊണ്ടു വന്ന് അറ്റകുറ്റപ്പണി ചെയ്യുന്നതിനിടയില്‍ ടിപ്പര്‍ ലോറിയുടെ ഗിയര്‍ അബദ്ധത്തില്‍ മാറുകയും മണല്‍ ലോറിയില്‍ നിന്നും റോഡിലേക്ക് മറിയുകയും ചെയ്തു. ഗതാഗത തടസ്സം ഉണ്ടായതോടെ നാട്ടുകാര്‍ രംഗത്തെത്തി. ഗതാഗതം തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള മണല്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണല്‍ അതേ ടിപ്പര്‍ ലോറിയില്‍ കയറ്റി തന്നെ സ്‌റ്റേഷനിലേക്ക് മാറ്റി. അതേ സമയം മണല്‍ കടത്തിനിടെ പോലിസ് പിടികൂടിയ വാഹനം അളവ് തിട്ടപ്പെടുത്തി ജിയോളജി വകുപ്പിന് പിഴ ഈടാമെന്നാണ്് ചട്ടം. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജിയോളജി വകുപ്പിന് റിപോര്‍ട്ട് നല്‍കാത്തതിനേ തുടര്‍ന്ന് ലോറി ഉടമ വാഹനം വിട്ടു കിട്ടുന്നതിന് വേണ്ടി കോടതിയെ സമീപിക്കുന്നതിനിടെയാണ് പോലിസ് കഴിഞ്ഞ ദിവസം രാത്രി അളവ് തിട്ടപ്പെടുത്താന്‍ കൊണ്ടു പോയത്. ഇത് പോലിസുകാര്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.

RELATED STORIES

Share it
Top