പിടിഐയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഒറ്റദിവസം പിരിച്ചുവിട്ടത് 297 ജീവനക്കാരെ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയില്‍ കൂട്ടപ്പിരിച്ചുവിടല്‍. 297 ജീവനക്കാരെയാണ് ഒറ്റദിവസംകൊണ്ട് പിടിഐ പിരിച്ചുവിട്ടത്. ചെലവുചുരുക്കല്‍ എന്ന് ചൂണ്ടിക്കാട്ടിയാണിത്. ശനിയാഴ്ച ഇതുസംബന്ധിച്ച നോട്ടീസിറങ്ങുകയായിരുന്നു.
നോട്ടീസിനൊപ്പം പിരിച്ചുവിട്ടവരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു. അവര്‍ക്കുള്ള പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടില്‍ പിന്നാലെ എത്തുമെന്നും നോട്ടീസിലുണ്ട്.
അതോടൊപ്പം പിരിച്ചുവിട്ടവര്‍ക്ക് നോട്ടീസ് രജിസ്‌ട്രേഡ് പോസ്റ്റായും അയച്ചു. നോട്ടീസ് പിടിഐ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ പിടിഐ എംപ്ലോയീസ് യൂനിയന്‍സ് ഫെഡറേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്നും അതു പിന്‍വലിക്കണമെന്നും ഫെഡറേഷന്‍ പിടിഐ സിഇഒ വെങ്കി വെങ്കടേഷിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ഇന്നു ധര്‍ണയും പ്രഖ്യാപിച്ചിട്ടുണ്ട്.
പിരിച്ചുവിടല്‍ നടപടികള്‍ പിടിഐ നേരത്തേ ആരംഭിച്ചിരുന്നെങ്കിലും നോട്ടീസ് പ്രസിദ്ധീകരിക്കുന്നതു വരെ ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. പിരിച്ചുവിടപ്പെട്ടവരെല്ലാം ജേണലിസ്റ്റേതര വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ്. ജേണലിസ്റ്റുകളെയൊന്നും പിരിച്ചുവിട്ടിട്ടില്ലെന്ന് പിടിഐ അധികൃതര്‍ വിശദീകരിച്ചു.
ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതിയും അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യം ജീവനക്കാരെ കമ്പനി അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top