പിജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചുആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ ഡോക്ടര്‍മാരില്ലാത്തതിന്റെ പേരില്‍ പിജി അസോസിയേഷന്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല ഒപി ബഹിഷ്‌കരണം പിന്‍വലിച്ചു. ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു സമരം അവസാനിപ്പിച്ചത്. ഒരു പ്രൊഫസറെയും ഒരു അസി. പ്രഫസറെയും നിയമിക്കാമെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ അസോസിയേഷന് ഉറപ്പുനല്‍കിയത്. ഇന്നലെ രാവിലെ എട്ടു മുതലായിരുന്നു ഒപി ബഹിഷ്‌കരണം ആരംഭിച്ചത്. എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഒപി സമയം. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം മേധാവി പ്രഫ. ടി കെ വാസുദേവന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചശേഷമുണ്ടായിരുന്ന ഒരു അസോസിയേറ്റ് പ്രഫസര്‍ തിരുവനന്തപുരത്തേക്കു സ്ഥലം മാറിപ്പോയി. ശേഷിച്ച ലക്ചറര്‍ ദീര്‍ഘകാല അവധിയില്‍പോയ ശേഷം ഈ വിഭാഗത്തിനു ഡോക്ടറില്ലാത്ത അവസ്ഥയായി. തുടര്‍ന്ന് പിജി വിദ്യാര്‍ഥികളും ഒരു സീനിയര്‍ പിജി ഡോക്ടറുമാണ് രോഗികളെ പരിശോധിച്ചു വന്നിരുന്നത്. പരിചയ സമ്പന്നരായ ഡോക്ടര്‍മാരില്ലാതെ വന്നത് രോഗികള്‍ക്കു വിദഗ്ധ ചികില്‍സ ലഭിക്കുന്നതിനും തടസ്സമായി. കൂടാതെ അംഗവൈകല്യ സര്‍ട്ടിഫിക്കറ്റ് നല്‍കലും ക്രിത്രിമ കൈകാല്‍ വയ്ക്കുന്ന ചികില്‍സകളും മുടങ്ങിപ്പോയി. രണ്ടു മാസം പിന്നിട്ടിട്ടും സീനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാതിരുന്നതോടെ ആണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരത്തിലേക്കു പോയത്. ഡോക്ടര്‍മാരുടെ നിയമനം ഉടന്‍ നടത്തി രോഗികള്‍ക്കു ചികില്‍സ ഉറപ്പാക്കിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കേണ്ടിവരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top