പിജിയുള്ള അംഗീകൃത മെഡിക്കല്‍ പ്രാക്റ്റീഷണറുടെ ഒപ്പു നിര്‍ബന്ധമാക്കി

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ലബോറട്ടറി പരിശോധനാ റിപോര്‍ട്ടില്‍ ബിരുദാനന്തര ബിരുദമുള്ള അംഗീകൃത മെഡിക്കല്‍ പ്രാക്റ്റീഷണറുടെ ഒപ്പു വേണമെന്നു സുപ്രിംകോടതി. പത്തോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള അംഗീകൃത മെഡിക്കല്‍ പ്രാക്റ്റീഷണറുടെ മേലൊപ്പു വേണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാട് സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു. പത്തോളജിസ്റ്റ് അല്ലാത്തയാള്‍ക്കു ലബോറട്ടറി നടത്താനാവില്ലെന്ന് 2010 സപ്തംബറില്‍ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ നല്‍കിയ പ്രത്യേക വിടുതല്‍ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി എന്നിവരാണു മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാട് അംഗീകരിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. മെഡിക്കല്‍ ലാബോറട്ടറികളിലെ എല്ലാ പരിശോധനാ റിപോര്‍ട്ടുകളിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ, സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്ത എംബിബിഎസ് ഡോക്ടര്‍മാര്‍ ഒപ്പു വച്ചിരിക്കണമെന്നു കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ സുപ്രിംകോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ, കോടതി ഇത് അംഗീകരിക്കുകയായിരുന്നു. ഏതു വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും പത്തോളജി ലബോറട്ടറികള്‍ ആരംഭിക്കാമെന്നും എന്നാല്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത പത്തോളജിസ്റ്റിന്റെ ഒപ്പോ, മേലൊപ്പോ വയ്ക്കാതെ റിപോര്‍ട്ട് നല്‍കരുതെന്നായിരുന്നു 2010ല്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മുഖോപാധ്യായ, ജസ്റ്റിസ് എം താക്കൂര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നത്.

RELATED STORIES

Share it
Top