പിക്കാസോ ചിത്രങ്ങള്‍ കാണാന്‍ നാല് ദിവസം കൂടി അവസരം
fousiya sidheek2017-05-18T10:43:01+05:30
ദോഹ: 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രകാരന്മാരായ പാബ്ലോ പിക്കാസോയുടെയും ആല്‍ബര്‍ട്ടോ ജിയാകോമെറ്റിയുടെയും ചിത്രങ്ങള്‍ കാണാന്‍ ഖത്തര്‍ നിവാസികള്‍ക്ക് നാല് ദിവസം കൂടി അവസരം. ഫയര്‍ സ്റ്റേഷന് ഗാരേജ് ഗാലറിയില്‍ ഖത്തര്‍ മ്യൂസിയംസ് സംഘടിപ്പിക്കുന്ന പിക്കാസോ-ജിയാകോമെറ്റി എക്സിബിഷന് മെയ് 21ന് സമാപിക്കും. ഫെബ്രുവരി 22ന് ആരംഭിച്ച എക്സിബഷനില്‍ രണ്ടു കലാകാരന്മാരുടെയും 120 പ്രശസ്ത ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മ്യൂസീ നാഷനല്‍ പികാസോ-പാരിസ്, ഫൗണ്ടേഷന് ജിയാകോമെറ്റി പാരിസ് എന്നിവിടങ്ങളില്‍ നിന്നുള്ള കളക്്ഷനുകളും മറ്റ് ഫ്രഞ്ച്, അന്താരാഷ്ട്ര ശേഖരങ്ങളില്‍ നിന്ന് സംഘടിപ്പിച്ച പെയ്ന്റിങുകള്‍, ശില്പങ്ങള്, സ്കെച്ചുകള്‍, ഫോട്ടോകള്‍, ചിത്രകാരന്മാരുമായുള്ള അഭിമുഖങ്ങള്‍ എന്നിവയുമാണ് പ്രദര്‍ശനത്തിലുള്ളത്. പിക്കാസോയും ജിയാകോമെറ്റിയും തമ്മില്‍ പലര്‍ക്കുമറിയാത്ത ബന്ധം വെളിപ്പെടുത്തുന്നതും കൂടിയാണ് പ്രദര്‍ശനം. ഇരുവരും തമ്മില്‍ 20 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും വ്യക്തിഗതമായും പ്രൊഫഷനല്‍ രംഗത്തും പലപ്പോഴും ഒരുമിച്ചിട്ടുണ്ട്. നമ്മുടെ കാലത്തെ ഏറ്റവും വലിയ രണ്ടു കലാകാരന്മാരുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രാദേശിക കലാസ്വാദകരില്‍ നിന്ന് മികച്ച പ്രതികരണമാണ് എക്സിബിഷന് ലഭിച്ചതെന്നും ഖത്തര്‍ മ്യൂസിയത്തിന്റെ ഫയര്‍ സ്റ്റേഷന് ഡയറക്ടര്‍ ഖലീഫ അല്‍ഉബൈദ്ലി പറഞ്ഞു. പിക്കാസോയുടെ സെല്‍ഫ് പോര്‍ട്രെയ്റ്റ്(1901), വുമണ്‍ ത്രോവിങ് സ്റ്റോണ്‍(1931), ദി ഷി ഗോട്ട്(1950), ജിയാകോമെറ്റിയുടെ ഫഌവര്‍ ഇന്‍ ഡെയ്ഞ്ചര്‍(1932), ടോള്‍ വുമണ്‍(1960), വാക്കിങ് മാന്‍(1960) ഉള്‍പ്പെടെയുള്ളവ പ്രദര്‍ശനത്തിലുണ്ട്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം.