പിക്അപ്പ് വാന്‍ ഇടിച്ച് യുവാവിനെ കൊലപ്പെടുത്തി

ചാത്തന്നൂര്‍(കൊല്ലം): നെടുമ്പന പള്ളിമണ്‍ സ്‌കൂള്‍ ജങ്ഷന് സമീപം പിക്അപ്പ് വാന്‍ ഇടിച്ച് യുവാവിനെ കൊലപ്പെടുത്തി. സ്‌കൂള്‍ ജങ്ഷന് സമീപത്തെ സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ പിക്അപ്പ് വാനിടിച്ചാണ് പള്ളിമണ്‍ പുനവൂര്‍ ചരുവിള വീട്ടില്‍ സുരേഷ്-അജിത ദമ്പതികളുടെ മകന്‍ ആകാശിനെ(20) കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചാത്തന്നൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 2ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഗ്യാസ് ഏജന്‍സിക്ക് സമീപമുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്ന ആകാശ് എതിരേ വന്ന പിക്അപ്പ് വാന്‍ കണ്ട് മാറാത്തതാണ്് സംഭവങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് വാനിലുണ്ടായിരുന്നവരും ആകാശും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഏറെ നേരത്തിനു ശേഷം മടങ്ങിയെത്തിയ ആകാശ് ഗ്യാസ് ഏജന്‍സിയുടെ ഓഫിസിന്റെ ഗ്ലാസ് ചില്ലുകളും പിക്അപ്പ് വാഹനത്തിന്റെ ഗ്ലാസും അടിച്ചു തകര്‍ത്തു. ഇതിനുശേഷം മടങ്ങവെ പ്രതികള്‍ പിക്അപ്പ് വാനില്‍ പിന്തുടര്‍ന്നെത്തി ആദര്‍ശിനെ ഇടിച്ച് വീഴുത്തുകയായിരുന്നു. ആദര്‍ശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മറവ് ചെയ്യാന്‍ സമ്മതിക്കില്ലെന്നറിയിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പള്ളിമണില്‍ സംഘ ര്‍ഷാവസ്ഥയുണ്ടായി. സംഭവ സ്ഥലത്തിന് സമീപമുള്ള വീട്ടിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ്  മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്കെതിരേ മനപ്പൂര്‍വമുള്ള നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്നു ചാത്തന്നൂര്‍ അസി. പോലിസ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ് പറഞ്ഞു. കൂലിപ്പണിക്കാരനാണ് ആകാശ്. സഹോദരന്‍: ആദര്‍ശ്.

RELATED STORIES

Share it
Top