പിഎസ്‌സി പരീക്ഷാകേന്ദ്രം അറിയിപ്പ്: പരീക്ഷയ്ക്ക് എത്തുമെന്ന് ഉറപ്പുള്ളവര്‍ക്കു മാത്രം

തിരുവനന്തപുരം: പരീക്ഷയ്‌ക്കെത്തുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കു മാത്രം ഇനി പിഎസ്‌സി പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് അയച്ചാല്‍ മതിയെന്ന് പിഎസ്‌സി തീരുമാനം. ഈ വര്‍ഷം ആഗസ്ത് 15 മുതല്‍ ഇതു നടപ്പില്‍വരും.
അപേക്ഷകരില്‍ പരീക്ഷ എഴുതുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക്കു മാത്രം (കണ്‍ഫര്‍മേഷന്‍) പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍ മതിയെന്നും കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്കു പരീക്ഷാകേന്ദ്രം അനുവദിക്കേണ്ടെന്നുമാണ് ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗ തീരുമാനം. ഒപ്പം ഓരോ പിഎസ്‌സി പരീക്ഷയ്ക്കും പരീക്ഷാ തിയ്യതിയുടെ 70 ദിവസം മുമ്പ് ആ തിയ്യതി ഉള്‍പ്പെടുത്തി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിക്കാനും പിഎസ് സി തീരുമാനിച്ചിട്ടുണ്ട്.
പരീക്ഷാ തിയ്യതി മുന്‍കൂട്ടി നിശ്ചയിക്കുന്ന കലണ്ടറില്‍ ഓരോ പരീക്ഷയുടെയും തിയ്യതിക്കൊപ്പം 40 മുതല്‍ 60 ദിവസം വരെ സാവകാശം നല്‍കി കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനും പരീക്ഷാ തിയ്യതിക്ക് 15 ദിവസം മുമ്പ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള തിയ്യതികളും പ്രസിദ്ധീകരിക്കും. പരീക്ഷാ കലണ്ടര്‍ പുറത്തിറങ്ങുന്നതോടെ ഓരോ പരീക്ഷയിലെയും അപേക്ഷകരായ ഉദ്യോഗാര്‍ഥികള്‍ക്ക് ക ണ്‍ഫര്‍മേഷന്‍, ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് എന്നിവ സംബന്ധിച്ച തിയ്യതികളെപ്പറ്റി പ്രൊഫൈലിലും എസ്എംഎസ് മുഖേനയും അറിയിപ്പ് നല്‍കുന്നതിനു സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുന്നതിന് ഉദ്യോഗാര്‍ഥിക്കു ലഭിച്ച പ്രൊഫൈല്‍ മെസേജ് ഉദ്യോഗാര്‍ഥി കണ്ടുവെന്നതു തിയ്യതി, സമയം അടക്കം മനസ്സിലാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

RELATED STORIES

Share it
Top