പിഎസ്്‌സിയുടെ സ്റ്റാഫ് നഴ്‌സ് സാധ്യതാ ലിസ്റ്റില്‍ ക്രമക്കേടെന്ന് ആരോപണം

തിരുവനന്തപുരം: കേരള പിഎസ്‌സിയുടെ സ്റ്റാഫ് നഴ്‌സ് സാധ്യതാ ലിസ്റ്റില്‍ ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാ ര്‍ഥികള്‍. വളരെ തിടുക്കത്തില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി പുറത്തിറക്കിയ സാധ്യതാ ലിസ്റ്റിനെതിരേയാണ്, ലിസ്റ്റില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ളതായി കരുതുന്ന 150 ഓളം ഉദ്യോഗാര്‍ഥികള്‍ ആക്ഷേപവുമായി രംഗത്തെത്തിയത്.
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ പുറത്തിറക്കിയ സ്റ്റാഫ് നഴ്‌സ് പരീക്ഷയ്ക്ക് കട്ട് ഓഫ് മാര്‍ക്ക് 27.33 ആണെന്നിരിക്കെ അതിനു മുകളില്‍ മാര്‍ക്കുണ്ടെന്ന് ഉറപ്പുള്ളവരാണ് ഇവര്‍. പലരും 30 മുതല്‍ 60 മാര്‍ക്ക് വരെ പ്രതീക്ഷിക്കുന്നവരും. ഇതി ല്‍ 50 മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ഥിയും പുറത്താണ്. മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുമെന്നു കരുതിയവരില്‍ പലര്‍ക്കും സപ്ലിമെന്ററി ലിസ്റ്റിലാണ് ഇടം ലഭിച്ചത്. യോഗ്യതയുണ്ടായിട്ടും 1,500 പേരുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിക്കാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ കൂട്ടായും വ്യക്തതിപരമായും പിഎസ്്‌സി ചെയര്‍മാന് രേഖാമൂലം പരാതി നല്‍കിയിട്ടും പരിഗണിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
2018 ഫെബ്രുവരി 3നാണ് സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. ജനറല്‍ നഴ്‌സിങ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നു. പിഎസ്്‌സിയുടെ നിയമപ്രകാരം പിഎസ്‌സി റാങ്ക്‌ലിസ്റ്റ് വന്നതിനു ശേഷമേ ഒഎംആര്‍ പകര്‍പ്പിന് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെ ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് രണ്ടുവര്‍ഷത്തെ കാത്തിരിപ്പു വേണ്ടിവരും. ഈ സാഹചര്യത്തില്‍ സാധ്യത പട്ടികയ്‌ക്കെതിരേ കോടതിയെ സമീപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്നും ഉദ്യോഗാര്‍ഥികളായ ഹാരീസ് എം ജെ, ഹെവിന്‍ ഡി ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top