പിഎന്‍ബി തട്ടിപ്പ്: 1,415 ജീവനക്കാരെ സ്ഥലംമാറ്റി

മുംബൈ/ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) 1,415 ജീവനക്കാരെ സ്ഥലംമാറ്റി. നീരവ് മോദിയും മറ്റും 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ 18,000ഓളം ജീവനക്കാരെ സ്ഥലംമാറ്റിയെന്ന റിപോര്‍ട്ടുകള്‍ ശരിയല്ലെന്ന് ബാങ്ക് അറിയിച്ചു. നീരവ് മോദിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ സമന്‍സ് പുറപ്പെടുവിച്ചു. ഇന്നലെ ഇഡി മുമ്പാകെ മൊഴിനല്‍കാന്‍ മോദി ഹാജരാവാത്ത സാഹചര്യത്തിലാണ് സമന്‍സ്.
അതിനിടെ ഗീതാജ്ഞലി ഗ്രൂപ്പിന്റെ 1,200 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഹൈദരാബാദിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ഥിതിചെയ്യുന്ന സ്വത്താണ് കണ്ടുകെട്ടിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടി.
നീരവ് മോദി, മെഹുല്‍ ചോക്‌സി ഗ്രൂപ്പുകളുടെ 94.52 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചിട്ടുണ്ട്.  കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. മോദിയുടെ ഒമ്പത് ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. മരവിപ്പിച്ച മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരികളിലും 86.72 കോടി രൂപ വിലമതിക്കുന്നവ ചോക്‌സിയുടെയും അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റേതുമാണെന്ന് ഇഡി അധികൃതര്‍ പറഞ്ഞു. ബാക്കിയുള്ളവ നീരവ് മോദി ഗ്രൂപ്പിന്റേതാണ്. മോദിയുടെ അമ്മാവനായ ചോക്‌സി ഗീതാഞ്ജലി ഗ്രൂപ്പിന്റെയും മറ്റു ജ്വല്ലറി ബ്രാന്‍ഡുകളുടെയും ഉടമസ്ഥനാണ്.
മോദിയുടെ പിടിച്ചെടുത്ത കാറുകളില്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, മേര്‍സിഡസ് ബെന്‍സ്, പോര്‍ഷെ പനമേര, ടയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ എന്നിവ പെടുന്നുവെന്നും അധികൃതര്‍ അറിയിച്ചു. 11,400 കോടി രൂപ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു തട്ടിയ കേസില്‍ മോദിക്കും ചോക്‌സിക്കുമെതിരേ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. കേസെടുക്കുന്നതിനു മുമ്പ് ഇവര്‍ രാജ്യം വിട്ടിരുന്നു.

RELATED STORIES

Share it
Top