പിഎന്‍ബി: ഗീതാജ്ഞലി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് കസ്റ്റഡിയില്‍

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഗീതാജ്ഞലി ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് പ്രസിഡന്റ് വിപുല്‍ ചിറ്റാലിയയെ സിബിഐ കസ്റ്റഡിയിലെടുത്തു. മുംബൈ വിമാനത്താവളത്തില്‍ വച്ചാണു കസ്റ്റഡിയിലെടുത്തത്. ചിറ്റാലിയയെ ചോദ്യംചെയ്യാന്‍ ബാന്ദ്ര-ബിര്‍ല കോംപ്ലക്‌സിലെ സിബിഐ ഓഫിസില്‍ കൊണ്ടുവന്നു. എന്നാല്‍ ബാങ്ക് തട്ടിപ്പില്‍ ചിറ്റാലിയയുടെ പങ്ക് എന്താണെന്നു സിബിഐ വെളിപ്പെടുത്തിയിട്ടില്ല. വജ്ര വ്യാപാരി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും 12,636 കോടി രൂപ പിഎന്‍ബിയില്‍ നിന്ന് തട്ടി എന്നാണ് കേസ്.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി 31 ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടു ഹാജരാവാന്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) ആവശ്യപ്പെട്ടു. മോദിയുടെയും ചോക്‌സിയുടെയും സ്ഥാപനങ്ങളുമായി വ്യാപാര ഇടപാടുകള്‍ നടത്തിയ ബാങ്കുകളിലെ ഉദ്യോഗസ്ഥരാണിവര്‍.
ഐസിഐസിഐ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ചന്ദ കോച്ചാര്‍, ആക്‌സിസ് ബാങ്ക് എം ഡി ശിഖ ശര്‍മ എന്നിവരെ എസ്എഫ്‌ഐഒ വിളിച്ചതായി ഒരു വിഭാഗം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും പതിവു നടപടികളുടെ ഭാഗമായി ഇത്തരം കത്തുകള്‍ ബാങ്ക് മേധാവിക്ക് ലഭിക്കാറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top