പിഎന്‍ബിയില്‍ 11,360 കോടി രൂപയുടെ തട്ടിപ്പ്

മുംബൈ: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 11,360 കോടി രൂപയുടെ തട്ടിപ്പ്്. തട്ടിപ്പിലൂടെ മാറ്റിയ പണം വിവിധ അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ട്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് രണ്ട് പരാതികളാണ് സിബിഐക്ക്് ലഭിച്ചത്. ശതകോടീശ്വരനായ രത്‌ന വ്യാപാരി നീരവ് മോദി എന്നയാളുടെയും ഒരു ജ്വല്ലറി ശൃഖലയുടെ പേരിലുമാണ് പരാതി നല്‍കിയത്.
ഇവര്‍ തമ്മില്‍ ബന്ധമുണ്ടൊയെന്ന കാര്യം വ്യക്തമല്ല. മോദി ആഗോള തലത്തില്‍ അറിയപ്പെടുന്ന ആഭരണ ഡിസൈനറാണ്. ഇയാളുടെ പേരില്‍ 250 കോടിയുടെ തട്ടിപ്പ് നടത്തിയതായി ഈ മാസം ആദ്യവും സിബിഐ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ബാങ്ക് ജീവനക്കാരുടെ സഹായത്തോടു കൂടിയാണ് മുംബൈ ശാഖയിലെ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നു. തട്ടിപ്പിലൂടെ ഉണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.
ആഭരണ കമ്പനിയുടെ പേര് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷനല്‍ ബാങ്ക്. ആസ്തിയുടെ അടിസ്ഥാനത്തില്‍ നാലാംസ്ഥാനവും ബാങ്കിനുണ്ട്. തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി.RELATED STORIES

Share it
Top