പാസ്‌പോര്‍ട്ട് ഇനി എളുപ്പം കൈകളിലെത്തും

കൊച്ചി: പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ ലഘൂകരിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടികള്‍ അപേക്ഷകര്‍ പ്രയോജനപ്പെടുത്തണമെന്നു കൊച്ചി റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍. നിലവിലുള്ള ഓണ്‍ലൈന്‍ സൗകര്യത്തിനു പുറമെയാണു കഴിഞ്ഞദിവസം ഇന്ത്യയില്‍ എവിടെ നിന്നും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.
എം പാസ്‌പോര്‍ട്ട് സേവ എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്.  ഇതു വഴി നിമിഷനേരം കൊണ്ട് പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഈ ആപ്ലിക്കേഷനില്‍ അപേക്ഷകന് ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫിസ് തിരഞ്ഞെടുക്കാനും മേല്‍വിലാസവും മറ്റു വിവരങ്ങളും രേഖപ്പെടുത്താനും സൗകര്യമുണ്ട്. നേരത്തെ അപേക്ഷകന്‍ താമസിക്കുന്ന അതാതു പരിധിയിലെ പാസ്‌പോര്‍ട്ട് ഓഫിസിന് കീഴിലുള്ള ഏതെങ്കിലും സേവാകേന്ദ്രത്തില്‍ മാത്രമേ അപേക്ഷിക്കാന്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. ഈ നിബന്ധനയാണു കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചത്.
അപേക്ഷയില്‍ നല്‍കുന്ന മേല്‍വിലാസത്തിന്റെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണമുണ്ടാവും. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പാസ്‌പോര്‍ട്ട് വീട്ടിലേക്കു പോസ്റ്റലായി എത്തും. പുതിയ ഉത്തരവ് പ്രകാരം മേല്‍വിലാസം വെരിഫിക്കേഷന്‍ ചെയ്യുന്ന നടപടി പോലിസില്‍ നിന്ന് എടുത്തുകളഞ്ഞു. പകരം അപേക്ഷകന്‍ ക്രിമിനല്‍ക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം മാത്രമായിരിക്കും പോലിസ് അന്വേഷിക്കുക. ഇതിനായി അപേക്ഷക ന്‍ പോലിസ് സ്‌റ്റേഷനില്‍ പോവേണ്ടതില്ല. പോലിസിന് അപേക്ഷനെ നേരിട്ടു വീട്ടിലെത്തി കാണേണ്ടതില്ല. പോലിസ് രേഖകള്‍ പരിശോധിച്ച് ക്രിമിന ല്‍ക്കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കി ല്‍ ക്ലിയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷ രാജ്യത്ത് എവിടെ നിന്നും സമര്‍പ്പിക്കാമെങ്കിലും അപേക്ഷകന്‍ നല്‍കിയ വിലാസത്തിലാണ് (അഡ്രസ് പ്രൂഫ്) പോസ്റ്റല്‍ വഴി പാസ്‌പോര്‍ട്ട് എത്തുക. ഈ വിലാസത്തില്‍ തന്നെയായിരിക്കും പോലിസ് വെരിഫിക്കേഷനും നടത്തുക. അഡ്രസ് പ്രൂഫിലെ മേല്‍വിലാസത്തിനു പുറമെയുള്ള മറ്റു വിലാസങ്ങളൊന്നും ഇനി അപേക്ഷയില്‍ ചേര്‍ക്കേണ്ട.
അതേസമയം, പാസ്‌പോര്‍ട്ട്, അപേക്ഷകന്‍ നേരിട്ട് കൈപ്പറ്റണമെന്ന നിയമത്തില്‍ മാറ്റമില്ല.  ഇതുവഴിയാണ് അപേക്ഷകന്റെ മേ ല്‍വിലാസം ശരിയാണെന്ന് ഉറപ്പുവരുത്തുക. നേരിട്ടു കൈപ്പറ്റാത്തവ അതതു പാസ്‌പോര്‍ട്ട് ഓഫിസുകളിലേക്കു തിരിച്ചയക്കപ്പെടും. വീണ്ടും അയക്കുന്ന മുറയ്ക്കു സ്വീകര്‍ത്താവിനെ കണ്ടില്ലെങ്കില്‍ അപേക്ഷ റദ്ദാക്കും.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യം നേരത്തെ തന്നെ ലഘൂകരിച്ചിരുന്നുവെങ്കിലും ഇതു കാര്യമായി അപേക്ഷര്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു പുതിയ മൊബൈ ല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഇതോടെ അക്ഷയ കേന്ദ്രങ്ങളെ പോലും ആശ്രയിക്കാതെ ലളിതമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനാവും.
36 പേജുള്ള പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റിന് 1500 രൂപയും 60 പേജുള്ളതിന് 2000 രൂപയുമാണു നിലവില്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷാ ഫീസ്. ഇത് അപേക്ഷയ്‌ക്കൊപ്പം തന്നെ ഓണ്‍ലൈനായി അടയ്ക്കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും എട്ടു വയസ്സിന് താഴെയുള്ളവര്‍ക്കും ഫീസില്‍ 10 ശതമാനം ഇളവുണ്ട്. താല്‍ക്കാലിക പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ (പാസ്‌പോര്‍ട്ട് അടിയന്തരമായി ആവശ്യമുള്ളവര്‍) 2000 രൂപ അധികമായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ നേരിട്ട് അടയ്ക്കണം.
ആധാര്‍, റേഷന്‍കാര്‍ഡ് അടക്കം ഏതെങ്കിലും മൂന്നു തിരിച്ചറിയല്‍ രേഖകളും തല്‍ക്കാലിക അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. ആദ്യമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഈ മൂന്നു രേഖകള്‍ സമര്‍പ്പിച്ചാല്‍ അധിക ഫീസില്ലാതെ തന്നെ തത്ക്കാല്‍ അപേക്ഷന്റെ സൗകര്യങ്ങള്‍ ലഭിക്കും. തത്ക്കാല്‍ അപേക്ഷയിലുള്ള പാസ്‌പോര്‍ട്ടുകള്‍ പരമാവധി മൂന്നു ദിവസത്തിനകം നല്‍കണമെന്നാണു ചട്ടം. കേരളത്തില്‍ നിലവില്‍ സാധാരണ പാസ്‌പോര്‍ട്ട് അപേക്ഷയിലെ പോലിസ് വെരിഫിക്കേഷന് പരമാവധി 10 ദിവസം വരെയാണ് എടുക്കുന്നതെന്നും രാജ്യത്തെ ശരാശരി ഇതു 15 ദിവസമാണെന്നും പ്രശാന്ത് ചന്ദ്രന്‍ പറഞ്ഞു. റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് സൂപ്രണ്ട് കെ മുരളീധരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top