പാസേജ് ടു ഇന്ത്യ സാംസ്‌കാരിക മന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ: ഇന്ത്യന്‍ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം(മിയ) പാര്‍ക്കില്‍ സംഘടിപ്പിച്ച എ പാസേജ് ടു ഇന്ത്യ സാംസ്‌കാരികോല്‍സവം ഖത്തര്‍ സാംസ്‌കാരിക-കലാ-പൈതൃക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍കുവാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ മുഖ്യാതിഥിയായിരുന്നു. സാംസ്‌കാരിക മന്ത്രാലയത്തിലെ പൈതൃക വിഭാഗം ഡയറക്ടര്‍ ഹമദ് ഹംദാന്‍ അല്‍മുഹന്നദി, ഖത്തര്‍ മ്യൂസിയംസ് അതോറിറ്റി ഇവന്റ്‌സ് വിഭാഗം ഡയറക്ടര്‍ ലൂയിസ് കുതാജര്‍, ഐസിസി പ്രസിഡന്റ് ഗിരീഷ് കുമാര്‍, വിദേശ കാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മിയ, ക്യുഎംഎ, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ഐബിപിഎന്‍, ഐസിബിഎഫ്, വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികള്‍ സംബന്ധിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന പരിപാടി ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ വളര്‍ച്ചയും വിളിച്ചോതുന്നതായിരുന്നു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, പ്രവാസി സംഘടനകള്‍ തുടങ്ങിയവ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരിപാടി നടക്കുന്ന മൈതാനത്ത് ഒരുക്കിയ ഇന്ത്യയിലെ ആദ്യ തീവണ്ടി എന്‍ജിന്റെയും ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്റെയും മാതൃകകള്‍ ജനശ്രദ്ധ നേടി. ഡോ. ബി ആര്‍ അംബേദ്കറിന്റെ ജന്മദിനത്തിലാണ് പരിപാടിയുടെ ഉദ്ഘാടനമെന്നതിനാല്‍ അംബേദ്കറിന് വേണ്ടി പ്രത്യേക പവലിയനും ഒരുക്കിയിരുന്നു. യോഗയ്ക്ക് വേണ്ടിയുള്ളതായിരുന്നു മറ്റൊരു പവലിയന്‍. മറ്റ് പവലിയനുകളില്‍ ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെയും കലാസൃഷ്ടികളുടെയും ഭക്ഷ്യവസ്തുക്കളുടെയും പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിരുന്നു.

RELATED STORIES

Share it
Top