പാസഞ്ചറുകള്‍ വൈകി ഓടുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

തൃക്കരിപ്പൂര്‍: റെയില്‍വേയുടെ ഇടയ്ക്കിടെയുള്ള സമയക്രമ പരിഷ്‌കാരം യാത്രക്കാരെ കൊടിയ ദുരിതത്തിലാക്കുന്നു. നിയന്ത്രണവുമില്ലാതെ, രാഹുകാലം നോക്കിയുള്ള ട്രെയിനുകളുടെ ഓട്ടം പലപ്പോഴും ഉപകാരമില്ലാതായി മാറുന്നു. സ്ഥിരം യാത്രക്കാരും ട്രെയിന്‍ സമയം കണക്കാക്കി എത്തുന്നവരും ഏറെ കഷ്ടപ്പാടിലാണ്.
ഒരു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ വരെയാണ് മിക്ക ട്രെയിനുകളും സമയം വൈകിയോടുന്നത്. റെയില്‍വേ ട്രാക്കുകളുടേയും സ്‌റ്റേഷന്റെയും അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ആറു മാസം വരേ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകുമെന്ന് അറിയിപ്പുണ്ടായിട്ട്് വര്‍ഷമായെങ്കിലും, മാറ്റിയ സമയംപോലും ഇപ്പോള്‍ പാലിക്കുന്നില്ല. ഉത്തരേന്ത്യയില്‍ നിന്നും മറ്റുമുള്ള ദീര്‍ഘദൂര ട്രെയിനുകളായിരുന്നു നേരത്തെ മണിക്കൂറുകള്‍ വൈകി ഓടികൊണ്ടിരുന്നത്. എന്നാല്‍ കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ പോലും ഇപ്പോള്‍ മണിക്കൂറുകള്‍ വൈകി ഓടുന്നു. കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രാക്ക് അറ്റക്കുറ്റപ്പണിയുടെ പേരില്‍ രണ്ടാഴ്ചത്തേക്ക് കണ്ണൂര്‍-മംഗളൂരു പാസഞ്ചറായി ഓടികൊണ്ടിരിക്കുമെന്നു റെയില്‍വേ അറിയിപ്പുണ്ടായതാണ്. സമയത്തില്‍ മാറ്റമുണ്ടാകില്ല. കൂടാതെ തിങ്കളാഴ്ച ദിവസങ്ങളില്‍ കോയമ്പത്തൂര്‍വരെ പോകും.
എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും രണ്ടു മണിക്കൂറാണ് വൈകി ഓടിയത്. വൈകിട്ട് മൂന്നരക്ക് പുറപ്പെടേണ്ട ട്രെയിന്‍ കണ്ണൂരില്‍നിന്നും പുറപ്പെട്ടത്് 5.30ഓടെ. തൃക്കരിപ്പൂര്‍ സ്റ്റേഷനില്‍ 4.30ഓടെ എത്തേണ്ടയിരുന്നത് ആറരയ്ക്ക് ശേഷമാണെത്തിയത്.
ചെറിയ സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന ഏക ട്രെയിനാണിത്. അതിനാല്‍ ഈ ട്രെയിനിനായി നൂറുക്കണക്കിന് ആളുകള്‍ തൃക്കരിപ്പൂരുമുണ്ടായിരുന്നു. ജില്ലയില്‍ തന്നെ 11 സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുമുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജോലിക്കാരുമടക്കമുള്ളവരാണ് ട്രെയിന്‍ കിട്ടാതെ ബുദ്ധിമുട്ടിലായത്. കാസര്‍കോട്ടേക്ക് പോകേണ്ട പെണ്‍കുട്ടികള്‍ അടക്കമുള്ള നിരവധി വിദ്യാര്‍ഥികള്‍ ഏറനാട് എക്‌സ്പ്രസിന് പോകാമെന്നു കരുതി തൃക്കരിപ്പൂരില്‍ നിന്നും ചെറുവത്തൂരിലെത്തിയെങ്കിലും ഏറനാട്് രണ്ടര മണിക്കൂര്‍ വൈകിയാണ് ഓടികൊണ്ടിരുന്നത്. രാത്രി ഏറേ വൈകി സ്‌റ്റേഷനിലിറങ്ങിയ വിദ്യാര്‍ഥികള്‍ ഓട്ടോ പിടിച്ചും ഏറെ നടന്നുമാണ് വീട്ടിലെത്തിയത്. പെണ്‍കുട്ടികളെ രക്ഷിതാക്കളെത്തിയാണ് റെയില്‍വേ സ്റ്റേഷനില്‍നിന്നും കൂട്ടികൊണ്ടുപോയത്. ഇടയ്ക്കിടെ ട്രെയിന്‍ ഏറെ വൈകി ഓടുന്നത്് ബുദ്ധിമുട്ടിലാക്കുന്നതായി രക്ഷിതാക്കളും പറയുന്നു.
രണ്ടുമാസത്തിനിടെ തന്നെ നിരവധി തവണയാണ് കണ്ണൂര്‍, കാസര്‍കോട് ഭാഗത്തേക്കുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയത്. എന്നാല്‍ മാറ്റിയ സമയക്രമവും പാലിക്കുന്നില്ല. കണ്ണൂര്‍-ചെറുവത്തൂര്‍ പാസഞ്ചറിന്റെ സമയം യാതൊരു കാരണവുമില്ലാതെയാണ് മാറ്റിയത്. വൈകിട്ട് 5.20 പുറപ്പെട്ടിരുന്ന ട്രെയിന്‍ ഇപ്പോള്‍ 5.10നാണ് പുറപ്പെടുന്നത്. അതോടെ അഞ്ചു മണിക്ക് ജോലി കഴിഞ്ഞിറിങ്ങുന്നവര്‍ക്ക് ട്രെയിന്‍ കിട്ടാതായി. 10 മിറ്റിനകം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിപ്പെടാന്‍ പറ്റുന്നില്ല. നൂറുക്കണക്കിന് യാത്രക്കാരെയാണ്് ഇതു ബുദ്ധിമുട്ടിലായത്.
കൂടാതെ മറ്റു ട്രെയിനുകളില്‍ വന്ന് പാസഞ്ചറിനായി കാത്തുനില്‍ക്കുന്നവര്‍ക്കും ട്രെയിന്‍ കിട്ടാതാകുന്നു. അതേസമയം ജില്ലയിലെ ചില സ്റ്റേഷനുകളില്‍ ട്രെയിന്‍വരുന്ന വിവരം അറിയിക്കാന്‍ പോലും സംവിധാനമില്ല. ട്രെയിന്‍ എത്തുമ്പോള്‍ മാത്രമാണ് യാത്രക്കാര്‍ അറിയുന്നത്. ട്രെയിന്‍ സമയം പാലിക്കാതായതോടെ സ്ഥിരംയാത്രക്കാരായ പലരും ട്രെയിന്‍ ഉപേക്ഷിച്ച് മറ്റു മാര്‍ഗം സ്വീകരിക്കുകയാണ്.

RELATED STORIES

Share it
Top