പാസഞ്ചറുകളില്‍ വിസ്റ്റാഡം കോച്ചുകള്‍ അനുവദിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ടൂറിസം പ്രൊമോഷനുമായി ബന്ധപെട്ട് പാസഞ്ചര്‍ വണ്ടികളില്‍ റെയില്‍വേ വിസ്റ്റാഡം കോച്ചുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് ഷാമി പറഞ്ഞു. പാതയില്‍ രാത്രികാല സര്‍വീസ് തുടങ്ങുന്ന കാര്യവും പരിഗണനയിലാണെന്നും ഡിആര്‍എം പറഞ്ഞു. രാജ്യറാണി എക്‌സ്പ്രസ്സ് സ്വതന്ത്ര തീവണ്ടിയാക്കുന്ന നടപടികള്‍ അന്തിമഘട്ടതിതലാണ്.
റെയില്‍വേ ബോര്‍ഡിന്റെ അനുമതി കൂടിയായാല്‍ ഇതു നടപ്പാക്കും. പ്രധാനമായും ടൂറിസം വരുമാനം ലക്ഷ്യമിട്ട് യാത്രക്കാര്‍ക്കായി വിസ്റ്റാഡം കോച്ചുകള്‍ ഈ പാതയില്‍ ഓടിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്്. ഗ്രീന്‍ റെയില്‍വേ കോറിഡോര്‍ ആയ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ മനോഹാരിത പൂര്‍ണമായും ആസ്വദിക്കുന്നതിനായാണ് ഇത്തരം എസി കോച്ചുകള്‍ അനുവദിക്കുന്നത്. നിലവില്‍ വിശാഖപട്ടണം അരക്കു പാതയില്‍ ഇത്തരം കോച്ചുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ഉപയോഗിച്ച് രാത്രികാല സര്‍വീസ് ആരംഭിക്കുന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് ഡിആര്‍എം പറഞ്ഞു.
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി അദ്ദേഹം സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പി വി അബ്ദുള്‍ വഹാബ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും എംപിയുമായി ചേര്‍ന്ന് ഡിആര്‍എം വിലയിരുത്തി. ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും ഡിവിഷനല്‍ മാനേജറോടൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രത്യേക തീവണ്ടിയാലാണ് സംഘം നിലമ്പൂരിലെത്തിയത്. ചരക്കുനീക്കത്തിനായി നിലമ്പൂര്‍ സ്റ്റേഷനിലെ ഗുഡ്‌സ് ഷെഡ്ഡിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നു. മലബാര്‍ സിമന്റ് കമ്പനിയാണ് നിലവില്‍ ചരക്കുനീക്കത്തിന് റെയില്‍വേയുമായി ബന്ധപ്പെട്ടിട്ടുള്ളത്. സിമന്റുമായെത്തുന്ന വാഗണ്‍ പുലര്‍ച്ചയെത്തുന്നതാണ് ചരക്കുനീക്കത്തിന് അനുയോജ്യമെന്ന അഭിപ്രായം തത്വത്തില്‍ റെയില്‍വേ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ഗുഡ്‌സ് ഷെഡ്ഡിലേക്കുള്ള റോഡിന്‍ നിര്‍മാണവും നടക്കുന്നുണ്ട്.
നിലമ്പൂര്‍ മേഖലയിലെ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് റെയില്‍വേയുടെ നേതൃത്തില്‍ നടത്തേണ്ട കാര്യങ്ങളും സ്റ്റേഷനിലെ റിട്ടയറിങ് റൂം, ഡോര്‍മിറ്ററി സൗകര്യങ്ങള്‍, സ്‌റ്റേഷന്‍ അപ്‌ഗ്രേഡിങ് രാത്രികാല സര്‍വീസ് എന്നിവയുമായി ബന്ധപ്പെട്ടും എംപി, ഡിആര്‍എമ്മിന് നിവേദനം നല്‍കി. നിലമ്പൂര്‍-മൈസൂരു റെയില്‍വേ ആക്്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് ഷാമി, സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ അനന്തരാമന്‍, ഈസ്റ്റ് മേഖല സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ തിരുമാള്‍, സീനിയര്‍ ഡിവിഷനല്‍ ഓപറേഷന്‍ മാനേജര്‍ വൈ സെല്‍വിന്‍, സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ജറിന്‍ ആനന്ദ് തുടങ്ങിവരാണ് സംഘത്തിലുണ്ടായിരുന്നത്.RELATED STORIES

Share it
Top