പാവറട്ടി പഞ്ചായത്ത് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ ചിറ്റിലപ്പിള്ളി പറപ്പൂര്‍ മുള്ളൂര്‍ കായലിനു സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുല്ലശ്ശേരി സ്വദേശി ഷാജി (52)യാണ് മരിച്ചത്. കൊലപാതകമെന്ന ആരോപണം ശക്തമായതോടെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കുടിവെള്ള വിതരണ പദ്ധതിയിലെ ക്രമക്കേടിനെച്ചൊല്ലി തര്‍ക്കം രൂക്ഷമായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി സെക്രട്ടറി അവധിയിലായിരുന്നു എന്നുമാണ് വിവരം. ഇത് പഞ്ചായത്ത് ഭരണസമിതിയുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിക്കാന്‍ വന്ന സെക്രട്ടറിയെ ഭരണസമിതി അതിന് അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, കൊലപാതകമാണെന്ന ആരോപണവും രൂക്ഷമായതോടെ അന്വേഷണം ശക്തിപ്പെടുത്താനും പോലിസ് തീരുമാനിച്ചു. എസിപി പി ശിവദാസിന്റെ നേതൃത്വത്തില്‍ പേരാമംഗലം സിഐ സി സന്തോഷാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലിസ് പറഞ്ഞു. തലയിലും വസ്ത്രങ്ങളിലും ചളി പുരണ്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നിലത്ത് രക്തം വാര്‍ന്നുകിടക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂര്‍ എസിപി പി എ ശിവദാസന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി സന്തോഷ്, പേരാമംഗലം എസ്‌ഐ കെ സി ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്.

RELATED STORIES

Share it
Top