പാഴ്‌സലായെത്തിയ 200 കോടിരൂപയുടെ മയക്കുമരുന്ന് പിടിച്ചു

കൊച്ചി: എറണാകുളത്ത് വന്‍ മയക്കുമരുന്നു വേട്ട. കൊറിയര്‍ കമ്പനിയില്‍ പാഴ്‌സലായെത്തിയ 200 കോടി രൂപയുടെ മയക്കുമരുന്ന് എക്‌സൈസ് റെയ്ഡില്‍ പിടികൂടി. രാജ്യാന്തര വിപണിയില്‍ എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്തലിന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. എക്‌സൈസ് വിഭാഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
എണാകുളത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കൊറിയര്‍ കമ്പനിയുടെ പാഴ്‌സല്‍ പായ്ക്കറ്റിലാണ് 30 കിലോ എംഡിഎംഎ ലഹരിമരുന്നെത്തിയത്. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ എസ് രഞ്ജിത്തിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടുകയായിരുന്നു. എട്ടു പാഴ്‌സല്‍ പെട്ടികളിലായി തുണിത്തരങ്ങളുടെ ഇടയില്‍ കാര്‍ബണ്‍ ഷീറ്റുകളുടെ ഇടയില്‍ പൊതിഞ്ഞ നിലയില്‍ 64 പായ്ക്കറ്റുകളിലായാണ് മയക്കുമരുന്നു സൂക്ഷിച്ചിരുന്നത്. കാര്‍ബണ്‍ ഷീറ്റില്‍ പൊതിഞ്ഞത് എയര്‍പോര്‍ട്ടിലെ സ്‌കാനറില്‍ തെളിയാതിരിക്കുന്നതിനു വേണ്ടിയാണ്. എംഡിഎംഎയുടെ ഏറ്റവും ശുദ്ധീകരിച്ച രൂപമാണ് പിടിച്ചെടുത്തത്. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ സംഘമാണ് ഇതിനു പിന്നിലെന്ന് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്നതാണ് ഈ രാസവസ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ജി കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി അനില്‍കുമാര്‍, ഷാജി മാത്തച്ചന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എ എസ് ജയന്‍, ടി എന്‍ അജയകുമാര്‍, എം ടി ഹാരിസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എം റോബി, പി എക്‌സ് റൂബന്‍, രഞ്ജു എല്‍ദോ തോമസ്, എന്‍ ജി അജിത്കുമാര്‍, പി ഇ ഉമര്‍, എന്‍ ഡി ടോമി, കെ ആര്‍ രാകേഷ്, ഫ്രെഡി ഫെര്‍ണാണ്ടസ്, ടി കെ രതീഷ്, എം വി ജിജിമോള്‍, എസ് ചിത്തിര, എക്‌സൈസ് ഡ്രൈവര്‍മാരായ പ്രദീപ്കുമാര്‍, വേലായുധന്‍ റെയ്ഡില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top