പാളയത്തില്‍ പട

ആരാണ് ആ കുറിപ്പ് എഴുതിയത്? അമേരിക്കന്‍ പ്രസിഡന്റ് തനിഭ്രാന്തനാണെന്നും അയാളുടെ നയങ്ങളെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിനു ചുറ്റുമുള്ള പ്രമുഖരായ പല ഉദ്യോഗസ്ഥരും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട് എന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് വലിയ വിവാദമായിരിക്കുകയാണ്. കുറിപ്പ് എഴുതിയയാളുടെ പേര് പത്രം പ്രസിദ്ധീകരിച്ചിട്ടില്ല. ട്രംപ് ഭരണകൂടത്തിലെ പ്രമുഖന്‍ എന്നു മാത്രമാണ് കുറിപ്പുകാരനെ പത്രം പരിചയപ്പെടുത്തുന്നത്.
പാളയത്തില്‍ തന്നെ വിരുദ്ധന്‍മാര്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത കേട്ടതോടെ പ്രസിഡന്റ് ട്രംപും കുപിതനായിരിക്കുകയാണ്. രാജ്യദ്രോഹം എന്നാണ് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞത്. കക്ഷിയുടെ പേര് ദേശസുരക്ഷ മുന്‍നിര്‍ത്തി പത്രം വെളിപ്പെടുത്തണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.
പേരു വെളിപ്പെടുത്താനൊന്നും പത്രം തയ്യാറല്ല. അമേരിക്കയില്‍ അങ്ങനെ നിര്‍ബന്ധിക്കാന്‍ നിയമം ഭരണകൂടത്തെ അനുവദിക്കുന്നുമില്ല. അതോടെ ആരാണ് ചാരന്‍ എന്ന അന്വേഷണമാണ് വൈറ്റ്ഹൗസില്‍ നടക്കുന്നത്. ആര്‍ക്കും ആരെയും വിശ്വാസമില്ല. ട്രംപ് ഭരണകൂടത്തെ സംബന്ധിച്ചു വാട്ടര്‍ഗേറ്റ് അന്വേഷണത്തിലൂടെ പ്രഖ്യാതനായ ബോബ് വുഡ്‌വാര്‍ഡ് എഴുതിയ പുസ്തകത്തിന്റെ പേരുതന്നെ ഫിയര്‍ എന്നാണ്. ഭയമാണ് അവിടത്തെ മുഖ്യ വികാരം.

RELATED STORIES

Share it
Top