പാല്‍പ്പാത്രത്തില്‍ കഞ്ചാവു കടത്തിയ ആള്‍ അറസ്റ്റില്‍

ഇടുക്കി: പാല്‍പാത്രത്തില്‍ കഞ്ചാവുമായി വന്നയാളെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. 305 ഗ്രാം ഉണക്ക ഗഞ്ചാവ് ആണ് കണ്ടെടുത്തത്.ഇരുമ്പുപാലം മുത്തിക്കാട്  കൊല്ലം പറമ്പില്‍ വീട്ടില്‍ ചെല്ലപ്പന്‍ മകന്‍ ബാബു (50) വിനെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയിലധികമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. രാവിലെ പാല്‍ കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.പാല്‍പ്പാത്രത്തില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു കഞ്ചാവ്.ഫോണ്‍ മുഖേന കച്ചവടം പറഞ്ഞുറപ്പിച്ച ശേഷം പാല്‍പ്പാത്രത്തില്‍ സൂക്ഷിച്ച് കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു ഇയാളുടെ രീതി.
എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും യുവാക്കള്‍ ബാബുവിന്റെ അടുത്ത് ഗഞ്ചാവ് വാങ്ങുന്നതിനായി എത്താറുണ്ടെന്നും ഇയാള്‍ സമ്മതിച്ചു.പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.വിജയകുമാറിന്റെ നേതൃത്ത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ കെ സുരേഷ് കുമാര്‍, കെ വി സുകു, കെ എസ് മീരാന്‍, അരുണ്‍, ദീപുരാജ്, ശരത് എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top