പാലോളികുളമ്പില്‍ തൂതപ്പുഴയിലെ വെള്ളം പാലത്തിനൊപ്പം

പട്ടാമ്പി: ഉദ്ഘാടനം കാത്തു കഴിയുന്ന വിളയൂര്‍ പാലോളികുളമ്പ് പാലം മുട്ടെ തൂതപ്പുഴ ഒഴുകുന്നു. 167 മീറ്റര്‍ നീളമുള്ള പാലത്തിന്റെ സ്പാനുകള്‍ മുട്ടിയാണു പുഴയൊഴുകുന്നത്. രണ്ടു ദിവസം കൂടി മഴ തുടര്‍ന്നാല്‍ പാലത്തിനു മീതെ പുഴയൊഴുകുമെന്നുറപ്പാണ്. മണലെടുപ്പു മൂലം ആഴമേറിയ പുഴയിലെ ജലവിതാനം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതലാണ്. പാലോളികുളമ്പ് ഭാഗത്തു താഴ്ന്ന പ്രദേശത്തു പുഴയുടെ നിലത്തു നിന്നും നിശ്ചിത ഉയരം പൊക്കമില്ലാതെ അശാസ്ത്രീയമായി പാലം നിര്‍മിച്ചതും പാലം മുട്ടെ പുഴയൊഴുകാന്‍ കാരണമായി.
പാലത്തിനൊപ്പം വെള്ളമെത്തിതോടെ പുഴയോര പ്രദേശവാസികള്‍ ഭീതിയിലാണ്. തോട്ടങ്ങളില്‍ വെള്ളം കയറി തെങ്ങ്, കവുങ്ങ് നാശനഷ്ടങ്ങളുണ്ട്. അക്കരെ വളപുരം യുപി സ്‌കൂളിലേക്കു പോകുന്ന കുട്ടികളുടെ യാത്രയും ക്ലേശകരമായി. പാലത്തിന്റെ അനുബന്ധ റോഡുകളിലേക്കു കൂടി പുഴവെള്ളം കയറിയതിനാല്‍ ഇരുകരകളിലും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. പാലം മുട്ടെ പുഴയൊഴുകുന്നത് കാണാന്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി ഒട്ടേറെ പേര്‍ പാലോളികുളമ്പ് പാലത്തില്‍ എത്തുന്നുണ്ട്. ഒഴുകിവരുന്ന തേങ്ങ പിടിക്കുന്നവരും മത്സ്യ ബന്ധനം നടത്തുന്നവരുമെല്ലാമായി പാലത്തില്‍ ജനം സജീവമാണ്.

RELATED STORIES

Share it
Top