പാലോറമലയിലെ നിര്‍മാണം: എസ്ഡിപിഐ പ്രതിനിധിസംഘം സ്ഥലം സന്ദര്‍ശിച്ചു

കൊടുവള്ളി: കിഴക്കോത്ത്, മടവൂര്‍ വില്ലേജ് ഓഫിസ് പരിധിയില്‍പ്പെട്ട പാലോറമലയില്‍ കുന്നിടിച്ച് നടന്നു വരുന്ന നിര്‍മാണ പ്രവൃത്തികള്‍ എസ്ഡിപിഐ കൊടുവള്ളി മണ്ഡലം നേതാക്കള്‍ സന്ദര്‍ശിച്ചു. പരിസരവാസികള്‍ക്കുള്ള ആശങ്കക്ക് അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്ന് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനത്തിന് ശേഷം അധികൃതരോട് ആവശ്യപ്പെട്ടു. പാലോറമലയുടെ ചുറ്റു ഭാഗങ്ങളിലുമായി നൂറുകണക്കിന് വീടുകളാണുള്ളത്. കച്ചവട താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ലാഭം മാത്രം നോക്കിയുള്ള പ്രകൃതി ചൂഷണത്തിന്റെ ഫലമായി നിരവധി ഉരുള്‍പൊട്ടലുകള്‍ പരിസരപ്രദേശങ്ങളില്‍ തന്നെ ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തിയുടെ കാര്യത്തില്‍ സത്വര നടപടികള്‍ അധികൃതര്‍ എടുക്കേണ്ടതുണ്ട്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് നിര്‍മാണ പ്രവൃത്തികള്‍ പെട്ടന്ന് നിര്‍ത്തിവെക്കുമ്പോള്‍ ചിലപ്പോള്‍ അപകടങ്ങള്‍ വരുത്തിവെച്ചേക്കാം. വളരെ നീളത്തില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് വാളുകള്‍ക്ക് അവശ്യമായ സപ്പോര്‍ട്ടിംഗ് കണക്ഷന്‍ നിലവിലില്ല. മണ്ണിട്ട് നിറച്ച തട്ടുകള്‍ അപകട ഭീതിയുളവാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങള്‍ ഉണ്ടാവുമ്പോള്‍ വാളുകള്‍ പൊട്ടാനും അത് വഴി അപകടങ്ങള്‍ ഉണ്ടാവാനുമുള്ള സാധ്യതകളുള്ളതിനാല്‍ എത്രയും വേഗം വിദഗ്ധ അന്വേഷണ സമിതിയെ നിയമിച്ച് നിര്‍മാണ പ്രവൃത്തിയുടെ വിഷയത്തില്‍ തീരുമാനമുണ്ടാക്കണമെന്നും മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ് ആവശ്യപ്പെട്ടു. എസ്ഡിപിഐ കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് പി ടി അഹമ്മദ്, സെക്രട്ടറി ടി കെ അബദുല്‍ അസീസ്, എസ്ഡിപിഐ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് കൊന്തളത്ത് റസാഖ്, എസ്ഡിപിഐ മടവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ പി അബ്ദുല്‍ റസാഖ്,എന്‍ കെ അശ്രഫ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.

RELATED STORIES

Share it
Top