പാലോട് ബ്രൈമൂര്‍ റോഡ് നിര്‍മാണത്തില്‍ അപാകത; ഭൂമി എടുക്കുന്നതില്‍ പക്ഷപാതമെന്ന്

കെ മുഹമ്മദ് റാഫി

പാലോട്: നൂറ്റാണ്ടുകല്‍ പഴക്കമുള്ള മലയോര വാസികളുടെ സ്വപ്‌നമായ പാലോട് ബ്രൈമൂര്‍ റോഡ് നിര്‍മാണത്തില്‍ ആരംഭിത്തിലെ കല്ലുകടി. പാലോട് ജങ്ഷന്‍ മുതല്‍ ആരംഭിച്ച് ബ്രൈമൂര്‍ വരെയുള്ള 15 കിലോമീറ്റര്‍ ദൂരം റോഡാണ് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. 49.5 കോടിയാണ് റോഡിന്റെ നിര്‍മാണ ഫണ്ട്. 12 മീറ്റര്‍ വീതിയിലാണ് റോഡും ഓടയും ഉള്‍പ്പെടുന്ന നിര്‍മാണം. നിലവിലെ റോഡിന്റെ വശങ്ങള്‍ എടുത്താണ് നിര്‍മാണത്തിന്റെ ആദ്യഘട്ടം തുടങ്ങിയത്. പാലോട് ജങ്ഷനില്‍ നിന്നും ആരംഭിക്കേണ്ട സ്ഥലമെടുക്കല്‍ ജങ്ഷനില്‍ നിന്നും 200 ഓളം മീറ്റര്‍ മാറിയാണ് ആരംഭിച്ചത്. ഇവിടെ നിന്നു പെരിങ്ങമ്മല ഗാര്‍ഡ് സ്റ്റേഷന് സമീപം വരെ വശങ്ങളിലെ വസ്തുക്കള്‍ എടുത്തതില്‍ പക്ഷപാതമെന്നാണ് ആരോപണം. റോഡിന്റെ ഇരുവശങ്ങളിലും റവന്യൂ പുറംപോക്ക് ഭൂമി ചിലര്‍ കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
ഇതില്‍ ഭരണ പക്ഷത്തെ പ്രമുഖ പാര്‍ട്ടിയുടെ നേതാക്കളുടെയും ഇവരുമായി ബന്ധമുള്ള ഉന്നതരുടെയും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെയാണ് വസ്തു എടുത്തതെന്നാണ് ആക്ഷേപം. പാലോട് ജങ്ഷനില്‍ നിന്നുള്ള 200 മീറ്ററോളം പ്രദേശത്തിന് പുറമെ പെരിങ്ങമ്മല, ഇടവം തുടങ്ങിയ പ്രദേശങ്ങളില്‍ പക്ഷപാതപരമായാണ് വശങ്ങളില്‍ വസ്തു എടുത്തിട്ടുള്ളത്. ഇതില്‍ പെരിങ്ങമ്മലയിലെ വഖ്്ഫ് ബോര്‍ഡിന്റെ വസ്തു ഒരുമീറ്ററോളം ഉള്ളിലേക്കായാണ് ഇടിച്ചിട്ടുള്ളത്. ഈ ഭാഗത്തുള്ള ഉന്നതരുടെ വസ്തുവിലെ പുറംപോക്ക് വസ്തു പോലും എടുക്കാത്ത സ്ഥിതിയാണുള്ളത്.
നിരവധി പേരുടെ കടകള്‍, വീടിന്റെ ഭാഗം മതിലുകല്‍ തുടങ്ങിയവ പക്ഷപാത പരമായും ഉന്നതരുടെ ഒത്താശയോടെ അനധികൃതമായാണ് ഇടിച്ചു നിരത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നാട്ടുകാര്‍ പെരിങ്ങമ്മലയില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. പക്ഷപാതപരമായ രീതിയില്‍ വസ്തു എടുത്താല്‍ റോഡ് പണി തുടയുമെന്നും പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സലാഹുദ്ദീന്‍, കണ്‍വീനര്‍മാരായ നജീം, ബഷീര്‍, സുധീര്‍, അജിത് കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top