പാലോട് ഐഎംഎ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും രംഗത്ത്

തിരുവനന്തപുരം:പാലോട് മാലിന്യ പ്ലാന്റിനെതിരെ റവന്യൂവകുപ്പും രംഗത്ത്. മാലിന്യ പ്ലാന്റിനായി ഐഎംഎ വാങ്ങിയ വസ്തുവില്‍ അഞ്ച് ഏക്കറും ഭൂരേഖാ രജിസ്റ്ററനുസരിച്ച് നിലമാണെന്നാണ് തഹസില്‍ദാരുടെ റിപ്പോര്‍ട്ട്.കണ്ടല്‍കാടുകളും സ്വാഭാവിക നീരുറവയുമുള്ള പ്രദേശത്ത് നിര്‍മ്മാണ അനുമതി നല്‍കാനാകില്ല. പദ്ധതി പ്രദേശത്തിനരികെ ആദിവാസി കോളനിയുണ്ടെന്ന് പരിഗണിക്കണമെന്നും പ്ലാന്റുമായി മുന്നോട്ട് പോയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പ്ലാന്റ് വരുന്നതോടുകൂടി പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ക്കും നീരുറവകള്‍ക്കും നാശം സംഭവിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പെരിങ്ങമല വനമേഖലയില്‍ ഓടുചുട്ടപ്പടുക്ക ചതുപ്പ് എന്ന പേരിലറിയപ്പെടുന്ന ഭൂമിയിയാണ് മാലിന്യ സംസ്‌കരണ പ്ലാന്റ്  സ്ഥാപിക്കാന്‍ ഐഎംഎ വാങ്ങിയത്. ആകെയുള്ള ആറേക്കര്‍ എണ്‍പത് സെന്റില്‍ ഒരേക്കര്‍ എണ്‍പത് സെന്റ് ഒഴികെ ബാക്കിയെല്ലാം ബിടിആര്‍ അനുസരിച്ച് നിലമാണ് എന്നാണ് കണ്ടെത്തല്‍. ഇവിടം അതീവ പരിസ്ഥിതി ലോല പ്രദേശമാണെന്നും ഭൂമിയുടെ നടുക്ക് കണ്ടല്‍ക്കാടിനടിയിലൂടെ നീരുറവയുണ്ടെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ പ്രദേശത്ത് യാതൊരുവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാനാകില്ലെന്നും വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top