പാലപ്പുറം, മീറ്റ്‌ന മേഖലയില്‍ എലിപ്പനി ഭീതി

ഒറ്റപ്പാലം: നഗരസഭ പരിധിയിലെ പാലപ്പുറം, മീറ്റ്‌ന പ്രദേശങ്ങളില്‍ എലിപ്പനി ഭീതി.പ്രദേശത്തെ എട്ടോളം പേരെ സമാന ലക്ഷണങ്ങളുമായി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ മാസമുണ്ടായ മഴക്കെടുതി കാര്യമായി ബാധിക്കാത്ത പ്രദേശത്ത് നിന്നാണ് എലിപ്പനി ലക്ഷണവുമായി രോഗികള്‍ ചികിത്സ തേടിയിട്ടുള്ളത്.കഴിഞ്ഞ ദിവസം പാലപ്പുറം സ്വദേശി പനി ബാധിച്ച് മരിച്ചിരുന്നു.എന്നാല്‍ ഇയാള്‍ക്ക് എലിപ്പനിയാണോ എന്നത് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.വെള്ളം കയറിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് മരിച്ചത്.വെള്ളപ്പൊക്കത്തിന് മുന്‍പും എലിപ്പനി ബാധിച്ച് നാല് പേര്‍ ഈ പ്രദേശങ്ങളില്‍ നിന്ന് ചികില്‍സ തേടിയിരുന്നു.ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റ് മൂന്ന് പേര്‍ തൃശൂരിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള വിദഗ്ധ ചികില്‍സക്ക് ശേഷം രക്ഷപ്പെടുകയുമുണ്ടായി.പനി നിയന്ത്രിക്കാന്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ആരോഗ്യ വകുപ്പ് നടത്തിയിരുന്നു.റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തിയിരുന്ന ചിലര്‍ക്കും പനി ബാധിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് പളളം ഭാഗങ്ങളില്‍ പ്രത്യേക ആരോഗ്യ ക്യാമ്പും,80 കുടുംബങ്ങള്‍ക്ക് ചികിത്സയും നല്‍കുകയുണ്ടായി.വീണ്ടും എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീശിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.മഴക്കെടുതി കാര്യമായി ബാധിക്കാത്ത പാലപ്പുറം പോലുള്ള പ്രദേശങ്ങളില്‍ എലിശല്യം കൂടുതലായതാണ് പനിക്ക് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

RELATED STORIES

Share it
Top