പാലപ്പിള്ളി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം; നാട്ടുകാര്‍ ഭീതിയില്‍

പുതുക്കാട്: പാലപ്പിള്ളി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. ജനവാസ കേന്ദ്രങ്ങളില്‍ ആനകള്‍ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍. പാലപ്പിള്ളി നടാമ്പാടം, എച്ചിപ്പാറ, ചൊക്കന,കുണ്ടായി എന്നിവിടങ്ങളിലാണ് കാട്ടാനക്കൂട്ടങ്ങള്‍ ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി ജനവാസ മേഖലയിലെത്തിയ കാട്ടാനകള്‍ പലയിടങ്ങളിലായി തമ്പടിച്ചിരിക്കുകയാണ്. ആനകളുടെ ശല്യം വര്‍ദ്ധിച്ചതോടെ തോട്ടം തൊഴിലാളികള്‍ക്ക് ടാപ്പിംഗിന് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളില്‍ കാടുമൂടിയത് കാരണം പുലര്‍ച്ചെ ടാപ്പിംഗിനെത്തുന്ന തൊഴിലാളികള്‍ക്ക് ആനകളെ കാണാന്‍ സാധിക്കുന്നില്ല. അപകടം പതിയിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ജീവന്‍ പണയപ്പെടുത്തിയാണ് തോട്ടങ്ങളില്‍ എത്തുന്നത്. രാത്രികാലങ്ങളില്‍ തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപവും ആനകള്‍ എത്തുന്നത് പതിവായി.
എച്ചിപ്പാറ ചീനിക്കടുത്ത് ആറ് കാട്ടാനകളെയും നടാമ്പാടം കള്ളിച്ചിത്ര കോളനിക്ക് സമീപത്ത് നാലും, ചൊക്കന കുണ്ടായിയില്‍ കൂട്ടം തെറ്റിയ പിടിയാനയെയുമാണ് കണ്ടത്.
കള്ളിച്ചിത്ര കോളനിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും വനത്തിലേക്ക് കയറ്റി വിട്ടെങ്കിലും കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് കോളനി നിവാസികള്‍ പറയുന്നത്. കുണ്ടായിയില്‍ ടാപ്പിംഗ് തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങിയ സമയത്താണ് ആന ഇറങ്ങിയത്.

RELATED STORIES

Share it
Top